ന്യൂദല്‍ഹി: ഭാരത- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തമാക്കി വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ഉദ്ഘാടനം ചെയ്തു. അഖൗറ-അഗര്‍ത്തല ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്ക്, ഖുല്‍ന-മോങ്ക്ല തുറമുഖ റെയില്‍ ലൈന്‍, റാംപാലിലെ മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ രണ്ടാം യൂണിറ്റ് ഉദ്ഘാടനം എന്നിവയാണ് ഇരു നേതാക്കളും വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിജയമാണ് മൂന്നു പദ്ധതികളുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
റെയില്‍- ഊര്‍ജ്ജ പദ്ധതികളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. അഖൗറ-അഗര്‍ത്തല റെയില്‍ പദ്ധതി ഭാരതത്തിന്റെ 392 കോടി രൂപയുടെ സഹായത്തോടെ നടപ്പാക്കിയതാണ്. 12.24 കിലോമീറ്റര്‍ പാതയില്‍ 6.78 കിലോമീറ്റര്‍ ബംഗ്ലാദേശിലും 5.46 കിലോമീറ്റര്‍ ത്രിപുരയിലുമാണ്.
ഖുല്‍ന-മോങ്ക്ല പദ്ധതി ഭാരതം നല്കിയ മൂവായിരം കോടി രൂപയുടെ വായ്പയുടെ സഹായത്തോടെ നടപ്പാക്കുന്നതാണ്. ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോങ്ക്ലയ്ക്ക് ബ്രോഡ്ഗേജ് റെയില്‍വേ ശൃംഖലയുമായി ബന്ധവും ലഭിക്കും. മൈത്രീ തെര്‍മല്‍ പദ്ധതിക്കും ഭാരതത്തിന്റെ വായ്പാ സഹായമുണ്ട്. 1320 മെഗാവാട്ട് തെര്‍മര്‍ പവര്‍ പ്ലാന്റാണിത്. എന്‍ടിപിസിയും ബംഗ്ലാദേശ് പവര്‍ ഡവലപ്മെന്റ് ബോര്‍ഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: