ബിറ്റ് കോയിന്‍ വിലയില്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിപ്പ്. ജൂലായ്‌ക്ക് ശേഷം ഇതാദ്യമായി ബിറ്റ് കോയിന്‍ വില 300000 ഡോളറിന് മുകളിലായി. ബുധനാഴ്ച ഒരു ബിറ്റ്കോയിന്റെ വില 34,428 ഡോളര്‍ ആയി ഉയര്‍ന്നു.. ക്രിപ്റ്റോകറന്‍സികള്‍ എല്ലായിടത്തും തകരുന്നതിനിടയിലാണ് ബിറ്റ് കോയിന്‍ വില മാത്രം കുതിച്ചുയര്‍ന്നത്.
ഒക്ടോബര്‍ മധ്യത്തോടെയാണ് ബിറ്റ് കോയിന്‍ വിലയില്‍ ഉണര്‍വ്വുണ്ടായത്. പക്ഷെ ഈ വിലക്കുതിപ്പിന് ഉത്തേജനം പകരുന്ന ഒരു വാര്‍ത്തയും ഉണ്ടായിരുന്നില്ലെന്ന് ലണ്ടനിലെ ക്രിപ്റ്റോ സ്ഥാപനമായ എനിഗ്മ സെക്യൂരിറ്റീസ് ഗവേഷണ മേധാവി ജോസഫ് എഡ്വാര്‍ഡ്സ് പറഞ്ഞു. വിപണിയിലെ സുതാര്യതയില്ലായ്മയ്‌ക്കും വിലയിലെ അതിവേഗച്ചാഞ്ചാട്ടങ്ങള്‍ക്കും പേരുകേട്ട ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ് കോയിന്‍.
കോവിഡ് കാലത്ത് ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരം ബ്രെറ്റ്ലീ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ബിറ്റ് കോയിനാണ് സംഭാവനയായി നല്‍കിയത്. അന്ന് ഒരു ബിറ്റ് കോയിന്റെ വില 49 ലക്ഷമായിരുന്നു. പിന്നീട് ബിറ്റ് കോയിന്‍ തകര്‍ന്നടിഞ്ഞിരുന്നു. 2022ല്‍ ഒരു ബിറ്റ് കോയിന്റെ വില 16000 ഡോളര്‍ വരെ താഴ്ന്നിരുന്നു. 2023ലെ ഇതുവരെയുള്ള താഴ്ന്ന വില 21000 ഡോളര്‍ ആയിരുന്നു.
റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പുറമെ ഇസ്രയേല്‍-ഹമാസ് യുദ്ധവും തീര്‍ത്ത അരക്ഷിതാവസ്ഥ, യുഎസിലെ 10 വര്‍ഷത്തെ ദീര‍്ഘകാല ബോണ്ട് ആദായത്തില്‍ ഉണ്ടായ 5 ശതമാനത്തിന്റെ ഉയര്‍ച്ച, ഡോളറിന്റെ പലിശനിരക്ക് ദീര്‍ഘകാലം ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന സ്ഥിതിവിശേഷം – ഇങ്ങിനെയുള്ള സാഹചര്യങ്ങളല്‍ ബിറ്റ് കോയിന്‍ വില ഉയര്‍ന്നത് സാമ്പത്തിക വിദ്ഗധരെ അത്ഭുതപ്പെടുത്തുന്നു.
ഒരു സ്പോട്ട് ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍റ് എക്സ് ചേഞ്ച് കമ്മീഷനില്‍ തുടങ്ങുന്നതിന് ബ്ലാക് റോക്ക് ഉള്‍പ്പെടെയുള്ള വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇത് അനുവദിച്ചാല്‍ ക്രിപ്റ്റോ രംഗത്തേക്ക് മൂലധനം വന്‍തോതില്‍ ഒഴുകിയെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: