മലപ്പുറം: കിഴക്കന്‍ മലബാര്‍ പ്രദേശമായ നിലമ്പൂരും, വയനാട്ടിലെ മേപ്പാടിയും ബന്ധിപ്പിക്കുന്ന മുണ്ടേരി-മേപ്പാടി മലയോര ഹൈവേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പാതയുടെ സര്‍വെ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മലയോര നിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നം ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരില്‍ നിന്ന് മുണ്ടേരി വഴി സൂചിമല മേപ്പാടി വരെ നീളുന്ന ഒരു മലയോര ഹൈവേയാണ് ഇരു ജില്ലക്കാരും വര്‍ഷങ്ങളായി സ്വപ്നം കാണുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വയനാട്ടിലുള്ളവര്‍ ഈ പാതവഴി നിലമ്പൂരിലെത്തിയിരുന്നു. തേക്ക് നീക്കത്തിനായി നിര്‍മിച്ച നിലമ്പൂര്‍ റെയില്‍പാതയിലേക്ക് അവ കടത്തിയത് മുണ്ടേരി കാടുകളില്‍ നിന്നായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുവഴിയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഒരു മലയോര ഹൈവേ വേണമെന്ന് ആവശ്യം അധികൃതര്‍ക്ക് മുമ്പില്‍വയ്ക്കുന്നത്.
മലപ്പുറം ജില്ലക്കാര്‍ വയനാട്, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമായും താമരശ്ശേരി, നാടുകാണി ചുരങ്ങള്‍ വഴിയാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ഈ രണ്ട് ചുരങ്ങളിലെയും ഗതാഗതക്കുരുക്ക് ഇതുവഴി എത്തുന്ന യാത്രക്കാരെ വലിയ രീതിയിലാണ് ബുദ്ധിമുട്ടിലാക്കുന്നത്.
കഴിഞ്ഞദിവസം വയനാട് ചുരത്തില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മണിക്കൂറോളമാണ് ചുരത്തില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്. മുണ്ടേരിയില്‍ ഈ ബദല്‍ പാത വരുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും വലിയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കും.
വയനാട്ടിലേക്ക് പ്രവേശിക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഈ രണ്ടു ചുരങ്ങള്‍ അല്ലാതെ മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും ഇതുവരെ നിലവിലില്ല. കാലവര്‍ഷം ശക്തമായാല്‍ ഈ രണ്ടു ചുരങ്ങളിലും യാത്രാനിയന്ത്രണങ്ങളും ഉണ്ടാവും.
സംഭവത്തില്‍ ഒരു ശാശ്വത പരിഹാരം എന്ന രീതിയില്‍ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തി നിരവധി ബദല്‍ പാതകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും വര്‍ഷങ്ങളായി യാഥാര്‍ത്ഥ്യമാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പാത യാഥാര്‍ത്ഥ്യമായാല്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലക്കാര്‍ക്ക് വയനാട്ടില്‍ എത്താനുള്ള ഏറ്റവും എളുപ്പവഴിയായി മാറും.
നിലമ്പൂരും വയനാടും കേരളത്തിലെ ടുറിസം ഭൂപടത്തില്‍ ഇടം നേടിയ പ്രദേശങ്ങള്‍ ആയതുകൊണ്ടുതന്നെ പാത യാഥാര്‍ത്ഥ്യമായാല്‍ ഇത് ഇരുജില്ലയിലെയും ടൂറിസം മേഖലക്കും വലിയ രീതിയില്‍ കുതിക്കാന്‍ സാധിക്കും. നിലവില്‍ നിലമ്പൂരില്‍ നിന്ന് നാടുകാണി വഴി 101 കിലോമീറ്റര്‍ ആണ് മേപ്പാടിയിലേക്ക്. എന്നാല്‍ ബദല്‍ പാത യാഥാര്‍ത്ഥ്യമായാല്‍ 48 കിലോമീറ്റര്‍ കൊണ്ട് വയനാട്ടില്‍ എത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: