ഹരിപ്പാട്: മണ്ണാറശ്ശാല ക്ഷേത്രവും കാവുകളും ആയില്യത്തോടെനുബന്ധിച്ചു ഭക്തിയില്‍ ലയിച്ചു നില്‍ക്കവേ, അമ്മയായി അഭിഷിക്തയായ സാവിത്രി അന്തര്‍ജനം വേദമന്ത്ര പഠന വഴിയിലാണ്. കഴിഞ്ഞ ആഗസ്ത് 9 ന് മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തര്‍ജനം സമാധി ആയതിനെതുടര്‍ന്നാണ് ചെറിയമ്മ ആയിരുന്ന സാവിത്രി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്.
കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കോട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യാദേവി അന്തര്‍ജനത്തിന്റെയും മകളാണ് സാവിത്രി അന്തര്‍ജനം. 13 ാം വയസില്‍ മണ്ണാറശ്ശാല ഇല്ലത്തെ എം.വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നതാണ്. ഇനി ഒരു വര്‍ഷം അമ്മ വ്രത ദീക്ഷയിലാണ്. മന്ത്രങ്ങളും പൂജാവിധികളും കാരണവന്മാരില്‍ നിന്ന് ചൊല്ലിക്കേട്ടും എഴുതിവാങ്ങി പഠിച്ചും വശമാക്കുകയാണ് സാവിത്രി അന്തര്‍ജനം. ഇക്കുറി ആയില്യം നാളില്‍ നിലവറയ്‌ക്ക് സമീപം തെക്കേ തളത്തില്‍ അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്കും.
കേരളത്തില്‍ സ്ത്രീകള്‍ പൂജ നടത്തുന്ന ഏക ക്ഷേത്രമാണ് മണ്ണാറശ്ശാല. സ്ത്രീകള്‍ പൂജ തുടങ്ങിയതിനു പിന്നില്‍ ഐതിഹ്യമുണ്ട്. നാഗപൂജയ്‌ക്ക് നിര്‍ദേശിക്കപ്പെട്ട ഇല്ലത്തെ കാരണവരായിരുന്നു വാസുദേവന്‍ നമ്പൂതിരി. ഭാര്യ ശ്രീദേവിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സന്താന സൗഭാഗ്യത്തിനായി പഞ്ചയജ്ഞങ്ങള്‍ നടത്തി പ്രാര്‍ത്ഥിച്ചു. ഇക്കാലത്താണ് സര്‍പ്പരാജാവിന്റെ വനത്തില്‍ അഗ്നിബാധ. പുക മൂലം സര്‍പ്പങ്ങള്‍ വിഷമിച്ചു. ബ്രാഹ്മണ ദമ്പതികള്‍ ഈ സര്‍പ്പങ്ങളെ പാലൂട്ടി ആരാധിച്ചു. ഭക്തിയില്‍ സന്തുഷ്ടനായ നാഗരാജാവ് ദമ്പതികളെ അനുഗ്രഹിച്ചു.
ശ്രീദേവി അന്തര്‍ജനം ഇരട്ട പെറ്റു. ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും. നാഗരാജാവാണ് സര്‍പ്പശിശുവായി പിറന്നത് എന്നാണ് വിശ്വാസം. ഒരിക്കല്‍ ഇല്ലത്തെ നമ്പൂതിരിക്ക് ക്ഷേത്രത്തില്‍ കയറാന്‍ പറ്റാത്ത സന്ദര്‍ഭം ഉണ്ടായപ്പോള്‍ അമ്മ ക്ഷേത്രത്തില്‍ പൂജ തുടങ്ങണമെന്ന നാഗരാജാവിന്റെ വെളിപാടുണ്ടായി. അന്ന് മുതലാണ് മണ്ണാറശ്ശാലയില്‍ അന്തര്‍ജനങ്ങള്‍ പൂജാ കര്‍മ്മങ്ങള്‍ നടത്തി തുടങ്ങിയത്. ശ്രീദേവി അന്തര്‍ജനം പ്രസവിച്ച സര്‍പ്പശിശു ഇല്ലത്തെ നിലവറയില്‍ ചിരഞ്ജീവി ആയി വാഴുന്നുവെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: