ന്യൂദല്‍ഹി: ഇന്‍ഡി മുന്നണിയില്‍ ഇടതുപാര്‍ട്ടികള്‍ക്കും സീറ്റില്ല. രാജസ്ഥാന്, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ സീറ്റ് തേടി സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്തിയില്ല. ഇതേത്തുടര്‍ന്ന് രണ്ട് ഇടതുപാര്‍ട്ടികളും തങ്ങള്‍ക്കാവുന്ന ഇടങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തിലാണ്.
രാജസ്ഥാനില്‍ 17 സീറ്റിലും ഛത്തീസ്ഗഡില്‍ മൂന്ന് സീറ്റിലും മധ്യപ്രദേശില്‍ നാല് സീറ്റിലും സിപിഎം മത്സരിക്കും. ഛത്തീസ്ഗഡില്‍ പതിനാറ് സീറ്റിലും രാജസ്ഥാനില്‍ പന്ത്രണ്ടിലും സിപിഐ മധ്യപ്രദേശില്‍ ഒമ്പത് സീറ്റിലും സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. തെലങ്കാനയില്‍, ഇരു പാര്‍ട്ടികളും കോണ്‍ഗ്രസുമായുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
രണ്ട് വീതം സീറ്റെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതുപാര്‍ട്ടികള്‍. കോണ്‍ഗ്രസ് സമീപനം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് യെച്ചൂരിയും രാജയും പ്രതികരണങ്ങളില്‍ വ്യക്തമാക്കി. ഒരു ധാരണയിലെത്താന്‍ കഴിയുമായിരുന്നെങ്കില്‍ അത് ‘നല്ലത്’ ആയേനെയെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ഇന്‍ഡി മുന്നണി രൂപീകരിച്ചത്. എങ്കിലും ഈ ധാരണ സംസ്ഥാനങ്ങളിലും ഉണ്ടായെങ്കില്‍ നന്നായേനെ. കൂടുതല്‍ ഏകോപനവും സഹകരണവും ഉണ്ടാകേണ്ടതായിരുന്നു, യെച്ചൂരി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് സമീപനം ഭാവിചര്‍ച്ചകള്‍ക്ക് ഗുണകരമല്ലെന്ന് സിപിഐ നേതാവ് സി. രാജ പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും ഇന്‍ഡി സഖ്യത്തിന്റെ അവസ്ഥ സുഖകരമല്ലെന്ന് ചൂണ്ടിക്കാട്ടി. അത് നിര്‍ഭാഗ്യകരമാണ്. ഉണ്ടാകാന്‍ പാടില്ലാത്ത ആഭ്യന്തര കലഹങ്ങളാണ് മുന്നണിയില്‍ നടക്കുന്നത്, ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: