പ്രതി പറയുന്നത് കേട്ട് കേസ് അവസാനിപ്പിക്കരുത്
അഡ്വ.എ. ജയശങ്കര്‍
ഗാന്ധിവധം നടത്തിയ ഗോദ്സെ, ഞാനാണ് വെടിവച്ചതെന്നും ഞാന്‍ മാത്രമേ ഉള്ളു, എനിക്കുള്ള ഗാന്ധി വിരോധത്താലാണ് അത് ചെയ്തതെന്നും കുറ്റസമ്മതം നടത്തിയതാണ് ഈ സംഭവത്തിന് സമാനമായി ഓര്‍മ്മവരുന്നത്. ദല്‍ഹി പോലീസ് ആ അന്വേഷണം അവിടെ നിര്‍ത്തിയില്ല. അങ്ങനെയാണ് കേസിലെ ഗൂഢാലോചന പുറത്തുവന്നതും ആപ്തെയും ഗോപാല്‍ ഗോദ്സെയും മറ്റും കേസില്‍ പ്രതിയായതും.
ഈ കേസില്‍ മാര്‍ട്ടിന്‍ എന്ന ഒരാളേ ഉള്ളുവെന്ന് പറഞ്ഞ് അവസാനിപ്പിക്കാം. ഭയാനകമായ സാഹചര്യമാണിത്. അയാളുടെ മോട്ടീവ് എന്താണ്. ചിത്തഭ്രമം ഉണ്ടെങ്കില്‍ ശരി. ചെയ്തതിനെല്ലാം രേഖകള്‍ ഉണ്ടാക്കിയത് അസാധാരണമാണ്. അന്വേഷിക്കേണ്ട ഒരുപാടുകാര്യങ്ങളുണ്ട്. പ്രതിപറയുന്നതുകേട്ട് കേസ് അവസാനിപ്പിക്കാന്‍ പറ്റില്ല.
മുഖ്യമന്ത്രിയെ പറയുന്നതുപോലെയല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി പള്‍സര്‍ സുനിയില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നു ബാക്കിയെല്ലാം വെറും ഭാവനകളാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പക്ഷേ, പിന്നീടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജനപ്രിയ നടനും മറ്റും പ്രതിയായത്.
മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. മാര്‍ട്ടിന്‍ ബോംബുണ്ടാക്കി, അയാള്‍ സമ്മേളന സ്ഥലത്തുപോയി. മറ്റുള്ളവര്‍ കണ്ണടച്ചു നിന്നപ്പോള്‍ ബോംബുപൊട്ടിച്ച ശേഷം അപ്രത്യക്ഷനായി. പല പോലീസ് സ്റ്റേഷനുകള്‍ വഴിയിലുണ്ടായിട്ടും കൊടകര സ്റ്റേഷനില്‍ പോയി കീഴടങ്ങി. അന്വേഷിക്കേണ്ട ദുരൂഹതകള്‍ ഏറെയുണ്ട്.
എന്‍ഐഎയ്‌ക്ക് കേസന്വേഷിക്കാം
ടി.കെ. രാജ് മോഹന്‍
(മുന്‍ പോലീസ് സൂപ്രണ്ട്)
ദുരൂഹതകള്‍ അവശേഷിക്കുന്നു. പ്രതി പോലീസില്‍ നടത്തുന്ന കുറ്റസമ്മതം നിയമ വിധേയമല്ല. അയാള്‍ പറയുന്ന കഥകള്‍ക്ക് തെളിവു പരിശോധിക്കണം. മിസിങ് ലിങ്കുകള്‍ കണ്ടെത്തണം. ബാഹ്യ ശക്തികള്‍ സംഭവത്തിലുണ്ടോ എന്ന് അന്വേഷിക്കണം. 2011 ല്‍ ഓസ്ലോവില്‍ 70 പേരെ ഒരാള്‍ കൊന്ന സംഭവമാണ് സമാനമായത്. യൂറോപ്പിനെ ഇസ്ലാം തകര്‍ക്കുമെന്ന കാരണം പറഞ്ഞായിരുന്നു അത്.
ഇയാള്‍ ഡീ റാഡിക്കലൈസേഷനാണ് ചെയ്തത്. ഇത് കൂടുതല്‍ അപകടകരമാണ്. രാജ്യത്തെ രക്ഷിക്കാനെന്ന പേരിലാണ് ഇത് ചെയ്തത്. നിയമപരമായി ചെയ്യാവുന്നത് അക്രമവഴിയില്‍ ചെയ്തതാണ്. എല്ലാ സംശയവും ദൂരീകരിച്ചാലേ കേസിന് യുക്തിസഹമായ പര്യവസാനമാകൂ. ഭാരതത്തില്‍ മുമ്പ് ഉണ്ടാകാത്തതരം കേസാണിത്. ക്രൂരമായ ഈ ചെയ്തിയുടെ പ്രചോദനം എന്തെന്ന് കണ്ടെത്തണം. ഇത് പുതിയൊരു വെല്ലുവിളിയാണ്. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ എപ്പോള്‍ വേണമെങ്കിലും ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്‌ക്ക് കേസന്വേഷിക്കാം.
മുന്നറിയിപ്പ് സത്യമായിക്കൊണ്ടിരിക്കുന്നു
ഷാബു പ്രസാദ് (നിരീക്ഷകന്‍)
കളമശേരിയില്‍ പൊട്ടിയത് ഐഇഡി ആണ്. സാധാരണ നാടന്‍ ബോംബ് പോലെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല ഐഇഡി. അതിന് സാങ്കേതിക ജ്ഞാനവും അനുഭവസമ്പത്തും പരിശീലനവും ആവശ്യമാണ്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടനങ്ങള്‍ക്ക് ശേഷം ദക്ഷിണ ഭാരതത്തില്‍ ഐഇഡി ഉപയോഗിക്കുന്നത് ആദ്യമാണ്.
ഇതിന് ആരുടെയെങ്കിലും സഹായമില്ലാതെ ചെയ്യാന്‍ ആവില്ല. ഈ കാര്യങ്ങളില്‍ വ്യക്തത വേണം. അത് പ്രതിയുടെ കുറ്റ സമ്മതംകൊണ്ട് തെളിയുന്നില്ല.ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് വളരെ വിപുലമായ ഒരു ഭീകര ശൃംഖല കേരളത്തില്‍ ഉണ്ട് എന്ന് തന്നെയാണ്. കാലങ്ങളായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പ് സത്യമായിക്കൊണ്ടിരിക്കുന്നു.
ഒറ്റയ്‌ക്ക് ചെയ്യാനാവില്ല
ഡോ. വിനോദ് ഭട്ടതിരിപ്പാട് (സൈബര്‍ വിദഗ്ധന്‍)
ലോകത്തെ എല്ലാ രാസവസ്തുക്കളെപ്പറ്റിയും ഏത് ഇലക്‌ട്രോണിക് ടെക്‌നോളജിയെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കും. വളരെ മൈന്യൂട്ടായ കാര്യങ്ങളും വിശദാംശങ്ങളും വരെ നമുക്ക് ലഭ്യമാക്കുന്ന സൈറ്റുകളുണ്ട്.അതിനാല്‍ നെറ്റ് നോക്കി ബോംബുണ്ടാക്കാന്‍ പഠിച്ചു എന്നു പറഞ്ഞാല്‍ അവിശ്വസിക്കേണ്ടില്ല. അടിസ്ഥാനപരമായ സ്‌കില്‍ കൂടിയുണ്ടെങ്കില്‍ നെറ്റ് നോക്കി പഠിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.
പക്ഷെ ബോംബുണ്ടാക്കി അത് പൊട്ടിക്കുകയെന്നത് വലിയ ഒരു പ്രോജക്ടാണ്. ഇതില്‍ ആദ്യം മുതല്‍ അവസാനം വരെ, ഒരുപാട് നടപടി ക്രമങ്ങളുണ്ട്. ആദ്യ ഘട്ടം മുതല്‍ അവസാനം വരെ മുഴുവന്‍ കാര്യങ്ങളും ഒരാള്‍ തന്നെ ചെയ്തു എന്ന് പറയുമ്പോള്‍ നാം അത് വിശ്വസിക്കേണ്ടതില്ല. വിപുലമായ പദ്ധതിയുടെ പലഘട്ടങ്ങളില്‍ പലരുടെയും സഹായം, രാജ്യത്തിന് വെളിയില്‍ നിന്നുവരെ, കിട്ടിയിട്ടുണ്ടാകാം. ആദ്യ ഘട്ടം മുതല്‍ അവസാനം വരെ നൂറു കണക്കിന് പ്രോസസുണ്ട്. ഇവയില്‍ പലതും വളരെ ബുദ്ധിമുട്ടുള്ളതുമാണ്. അതിനാല്‍ ഇതെല്ലാം ഒറ്റയാള്‍ ചെയ്തു എന്ന് വിശ്വസിക്കാതെ അതിനെ മുഖവിലക്കെടുക്കാതെ അന്വേഷണം മുന്നോട്ടു നീങ്ങുകയാണ് വേണ്ടത്.
കാരണം ദുര്‍ബലം, ആരോ വാടകയ്‌ക്ക് എടുത്തോയെന്ന് സംശയം: റിട്ട. എസ്പി ജോര്‍ജ്ജ് ജോസഫ്
സ്‌ഫോടനത്തിന് കാരണമായി, പ്രതി മാര്‍ട്ടിന്‍ പറയുന്ന കാരണങ്ങള്‍ ദുര്‍ബലവും യുക്തിക്ക് നിരക്കുന്നതുമല്ലെന്ന് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ്. യഹോവ സാക്ഷികളിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ അഭിപ്രായ വ്യത്യാസമുണ്ടായി ആറു വര്‍ഷം മുന്‍പ് അവിടെ നിന്നു പോയതാണെന്നാണ് പറയപ്പെടുന്നത്.
അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി ബോംബ് സ്‌ഫോടനം നടത്തി ആള്‍ക്കാരെ കൊന്നുവെന്നത് ദുര്‍ബലമായ വാദമാണ്. ഇയാള്‍ വിദേശത്തായിരുന്നു. ആറു മാസം മുന്‍പാണ് നാട്ടില്‍ വന്നത്. അവിടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഇയാള്‍ വിദേശത്ത് എത്ര നാള്‍ നിന്നു, ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നിവ കണ്ടെത്തേണ്ടതുണ്ട്. ഗള്‍ഫില്‍ വച്ച് ഇയാളെ ആരെങ്കിലും വാടകയ്‌ക്ക് എടുത്തോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
സംഭവം വിശദമായി പരിശോധിച്ചാല്‍ ഇയാളെ ആരോ വാടകയ്‌ക്ക് എടുത്തിട്ടുണ്ടോയെന്ന് തോന്നും. മാത്രമല്ല ഇയാള്‍ ഓടിവന്ന് സ്വയം കുറ്റം ഏറ്റെടുക്കുകയാണ്. ഇയാളുടെ വസ്ത്രങ്ങളില്‍ ഗണ്‍ പൗഡറിന്റെ അംശം ഉണ്ടോയെന്ന് കണ്ടെത്തണം. ഇയാളാണ് ബോബ് വച്ചതെങ്കില്‍ അതിന്റെ അംശം വസ്ത്രത്തില്‍ ഉണ്ടാകും.
അതിനാല്‍ ഇയാള്‍ ധരിച്ചിരുന്ന വേഷം ഫോറന്‍സിക് പരിശോധനയ്‌ക്ക് അയയ്‌ക്കണം. ബോംബു വച്ച സമയത്ത് ഇയാളുടെ ഇയാളുടെ ഇടതും വലതും ഇരുന്നതാര് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തണം. മൂന്നാമത് ഒരാളുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന്് ഞാന്‍ കരുതുന്നു. മാര്‍ട്ടിന്‍ പോലീസിനെയും നാട്ടുകാരെയും വിശ്വസിപ്പിക്കാന്‍ പറഞ്ഞതാണ് പല കാര്യവും എന്ന് തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: