തിരുവനന്തപുരം: വിട്ടുവീഴ്ചയില്ലാത്ത വായന മാധ്യമപ്രവര്‍ത്തനത്തില്‍ അത്യന്താപേക്ഷിതമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ് പറഞ്ഞു.
തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോട്ടയം പ്രസ് ക്ലബുമായി ചേര്‍ന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല വാര്‍ത്താലാപിന് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനയിലൂടെ ലഭിച്ച അറിവ് കൃത്യ സമയത്ത് ഓര്‍മ്മിച്ചെടുത്ത് ഉപയോഗപ്പെടുത്തുകയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഏറ്റവും വലിയ കഴിവെന്ന് അദ്ദേ?ഹം പറഞ്ഞു. വായിക്കുന്ന കാര്യങ്ങള്‍ ഓരോ തവണയും വീണ്ടെടുത്ത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയിലുളള വായനാ ശീലമാണ് മാധ്യമ പ്രവര്‍ത്തകര്‍ പിന്‍തുടരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രാമീണ മേഖലയിലേയ്‌ക്ക് ഇറങ്ങി ചെന്ന് അവരുടെ ആവശ്യം തിരിച്ച് അറിയുകയാണ് പ്രാദേശിക മാധ്യമശില്‍പശാലയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാമൂഹിക മാധ്യമങ്ങളുടെ കാലഘട്ടത്തില്‍ നിര്‍മ്മിത ബു?ദ്ധി അധിഷ്ഠിതമായ റിപ്പോര്‍ട്ടിങ് എന്ന വിഷയത്തില്‍ ഐഐഐടി കോട്ടയം, അസോസിയേറ്റ് ഡീന്‍ ഡോ. എബിന്‍ ഡെനി രാജ്, ഫാക്ട് ചെക്കിംഗ് ടൂള്‍സ് ആന്റ് ടെക്‌നിക്‌സ് ഫോര്‍ ജേണലിസം എന്ന വിഷയത്തില്‍ എറണാകുളം മാതൃഭൂമി മീഡിയ സ്‌കൂള്‍, ഡീന്‍ ഷാജന്‍ സി കുമാര്‍ തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.
മൊബൈല്‍ ജേണലിസം (മൊ ജോ) റിപ്പോര്‍ട്ടിങ് രീതികള്‍ എന്ന വിഷയത്തില്‍ മനോരമ ന്യൂസ്, എറണാകുളം ചീഫ് കോ ഓര്‍ഡിനേറ്റിംഗ് എ!ഡിറ്റര്‍ റോമി മാത്യുവും, ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ എന്ന വിഷയത്തില്‍ മന്‍ കി ബാത് പരിപാടിയുടെ വിവര്‍ത്തകന്‍ പള്ളിപ്പുറം ജയകുമാറും ക്ലാസുകള്‍ നയിച്ചു.
കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. കേന്ദ്ര ഗവണ്‍മന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളില്‍ പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: