ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ഐഎന്‍ഡിഐഎ എന്ന് പേരിട്ടതില്‍ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ദല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഐഎന്‍ഡിഐഎ എന്ന പേര് ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെക്കുറിച്ചല്ല തങ്ങള്‍ പറയുന്നത്. സഖ്യത്തിന് അത്തരമൊരു പേരിട്ടതില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ല, അതിനുള്ള അധികാരവുമില്ല. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കമ്മിഷന് വ്യക്തമാക്കി.
ജനപ്രാതിനിധ്യ നിയമപ്രകാരം പാര്‍ട്ടികളുടെ രജിസ്ട്രേഷന് മാത്രമാണ് കമ്മിഷന്റെ അധികാര പരിധിയിലുള്ളത്. രാഷ്ട്രീയ സഖ്യങ്ങള്‍ തങ്ങള്‍ക്ക് നിയന്ത്രണമുള്ള സംഘടനയുമല്ല. രാഷ്ട്രീയ സഖ്യങ്ങള്‍ നിയമങ്ങളുടെ പിന്‍ബലമുള്ള സംഘടനകള്‍ അല്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട് എന്ന കാര്യവും കമ്മിഷന് കോടതിയില്‍ വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യം ഐഎന്‍ഡിഐഎ എന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ്, കമ്മിഷന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇനി കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ സഖ്യത്തിലെ അംഗങ്ങളായ 26 പാര്‍ട്ടികളും ദല്‍ഹി ഹൈക്കോടതിക്ക് വിശദീകരണം നല്‍കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: