കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി.
ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാവരും സമാധാനം പാലിക്കണമെന്നും ഡി.ജി.പി അഭ്യർത്ഥിച്ചു.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധനയും തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം ടെക്നോപാർക്കിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.സ്‌ഫോടനമുണ്ടാകുമ്പോൾ 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: