എരുമേലി: നിര്‍ദ്ദിഷ്ട എരുമേലി ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കല്‍ നടപടി നവംബര്‍ ആദ്യ ആഴ്ചയെന്ന് അധികൃതര്‍. അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടിയില്‍ 12 ഏജന്‍സികളാണ് പങ്കെടുത്തത്. കഴിഞ്ഞദിവസം ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തിരുന്നതായും പ്രവര്‍ത്തി പരിചയമുള്ള കമ്പനിക്ക് അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
ടെന്‍ഡര്‍ ഏറ്റെടുക്കുന്ന ഏജന്‍സിയുമായി വിദഗ്ധ സമിതിയും, വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി ചര്‍ച്ച ചെയ്ത് അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കും. ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം ഒരാഴ്ചത്തെ സാവകാശമാണ് നിലവിലുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ മാസം അവസാനമോ അല്ലെങ്കില്‍ നവംബര്‍ ആദ്യമോ പ്രവര്‍ത്തി തുടങ്ങും. ദല്‍ഹി കേന്ദ്രീകരിച്ചുള്ള ഏജന്‍സിയാണ് ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമായ ടെക്നിക്കല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ഇതിനായി ട്രെയിനിങ്ങും നല്‍കേണ്ടതുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഡിപിആറും സൈറ്റ് ക്ലിയറന്‍സും ഇനിയും ചെയ്യേണ്ടതുണ്ട്.
റണ്‍വേ, റോഡ്, മതില്, വെള്ളം ഒഴുകാനുള്ള ഓട എന്നിവയ്ക്ക് ആവശ്യമായ സ്ഥലമാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഏജന്‍സി നടത്തുന്ന നടപടിക്രമങ്ങളില്‍ അനുവാദം നല്‍കുന്നതും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: