തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ തുക നെൽകർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ കേരളീയത്തിന്റെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ നെൽകർഷകർ ആത്മഹത്യാ മുനമ്പിലാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ആന്ധ്ര അരിലോബിയെ സഹായിക്കാനാണ് ഇടത് സർക്കാർ കർഷകരെ ദ്രോഹിക്കുന്നത്. കർഷകരെ സഹായിക്കാൻ പണമില്ലെന്ന് പറയുന്ന സർക്കാർ എന്തിനാണ് കോടികൾ പൊടിച്ച് കേരളീയം പരിപാടി നടത്തുന്നത്? 70 കോടി രൂപയുണ്ടെങ്കിൽ കർഷകരുടേയും പാവപ്പെട്ടവരുടേയും അർഹമായ പണം കൊടുക്കാൻ സാധിക്കുമായിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന വിഹിതം നൽകാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. ജൽജീവൻ മിഷന്റെയും കാര്യം അങ്ങനെ തന്നെയാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ലാത്തവരാണ് ലോക കേരളസഭയും കേരളീയവും നടത്തുന്നത്.
സപ്ലൈകോ എന്നത് ഇപ്പോൾ സപ്ലൈ നോ ആയി മാറികഴിഞ്ഞു. സബ്സിഡി കൊടുക്കുന്ന ഒരു സാധനവും ഇവിടെയില്ല. വിലക്കയറ്റം തടയുന്നതിൽ ഒരു നടപടിയും സർക്കാർ എടുക്കുന്നില്ല. കൊവിഡ് കാലത്ത് പിപിഇ കിറ്റിലും ഗ്ലൗസിലും അഴിമതി നടത്തിയവരിൽ നിന്നും മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്ന് ജനങ്ങൾ കരുതുന്നില്ല. സർക്കാർ ആശുപത്രികളിൽ നിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്ത ഈ സർക്കാരിന് പാവങ്ങളോടുള്ള സമീപനം വ്യക്തമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: