തറവാട്ടുവീടിന്റെ മുന്‍ഭാഗത്ത് പടി അടച്ച് വീടു പണിതാല്‍ വീടിന് ദോഷം ഉണ്ടാകുമോ?
തറവാടുവീടുണ്ടെങ്കില്‍ മുന്നില്‍ വീടു വച്ചാല്‍ പത്തടി അകലം പാലിക്കണം. രണ്ടുവീടുകള്‍ക്കും ഇടയില്‍ ഒരു ചുറ്റു മതില് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പഴയ വീടിന്റെ പോസിറ്റീവ,് നെഗറ്റീവ് എനര്‍ജി പുതിയ വീടിനെ ബാധിക്കും.
ഭൂമിപൂജ, വാസ്തുബലി, പഞ്ചശിരസ്സ് എന്നിവയുടെ പ്രാധാന്യം എന്താണ്?
വീട് വയ്ക്കാന്‍ സ്ഥലം തിരഞ്ഞെടുത്ത്, ആവശ്യമില്ലാത്ത മരങ്ങള്‍ നീക്കം ചെയ്ത് വെട്ടിനിരപ്പാക്കി, ചുറ്റുമതില്‍ കെട്ടിയശേഷം സുര്യോദയസമയത്ത് ഭൂമിപൂജ ചെയ്ത് സ്ഥലത്തിന്റെ നാലുമൂലയ്ക്കും തറരക്ഷ സ്ഥാപിക്കണം. വടക്കുകിഴക്കു മൂലഭാഗത്ത് വ്യാഴം എന്ന ഗ്രഹത്തിന്റെ സ്വാധീനമുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട ഒരു രത്നക്കല്ലും, തെക്കുകിഴക്കുഭാഗത്ത് ശുക്രന് എന്ന ഗ്രഹത്തിന്റെ ആധിപത്യമുള്ളതിനാല്‍ അതിന്റെ രത്നക്കല്ലും, തെക്കുപടിഞ്ഞാറ് രാഹുവിന്റെ സ്വാധീനമുള്ളതിനാല്‍ അതിന്റെ രത്നക്കല്ലും, വടക്കുപടിഞ്ഞാറ് ചന്ദ്രന്റെ സ്വാധീനമുള്ള ദിക്കായതിനാല്‍ അതിന്റെ രത്നവും വെറ്റിലയില്‍ പൊതിഞ്ഞ് സ്ഥാപിക്കണം. മുന്‍കാലങ്ങളില്‍ നാലു മൂലകളിലും തകിടുകളാണ് കുഴിച്ചിട്ടിരുന്നത്. ഇവ രണ്ടു വര്‍ഷത്തിനകത്തുതന്നെ ദ്രവിക്കും. രത്നങ്ങളാകുമ്പോള് കാലങ്ങളോളം ഭൂമിക്കടിയില്‍ കിടക്കുകയും വീടുകളിലേക്ക് അനുകൂല ഊര്‍ജ്ജം പ്രസരിപ്പിക്കുകയും ചെയ്യും.
മരിച്ചവരെ അടക്കിയ സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും പൊട്ടക്കിണറുകള്‍ നികത്തിയിട്ടുണ്ടെങ്കിലും ആ ഭൂമിയില്‍ വാസ്തുബലി ചെയ്യുന്നത് നല്ലതാണ്. ഈ പൂജ ചെയ്യേണ്ടത് രാത്രിയിലാണ്. അറുപത്തിനാലു പിണ്ഡങ്ങള് വച്ചുകൊണ്ടാണ് ഇതു ചെയ്യേണ്ടത്. ഈ പൂജയുടെ അവസാനം ഉടമസ്ഥരും ബന്ധുക്കളും പൂജ ചെയ്യുന്ന സ്ഥാനത്തുനിന്ന് മാറിനില്‍ക്കണം. ഭൂമിയിലുള്ള നെഗറ്റീവ് എനര്‍ജി പുറത്താക്കുന്ന പ്രക്രിയയാണിത്. അറിയത്തക്ക പൂജാരിമാര്തന്നെ ഇതു ചെയ്യണം. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പെരിയനമ്പിമാര്‍ ആരെങ്കിലും ചെയ്യുന്നത് ഉത്തമമാണ്. അതല്ലെങ്കില്‍ വൈഷ്ണവക്ഷേത്രത്തിലെ പോറ്റിമാരെ നിയോഗിക്കാം.
വാസ്തുദോഷപരിഹാരമായിട്ടാണ് പഞ്ചശിരസ്സ് സ്ഥാപിക്കുന്നത്. പുതിയ വീട് പണിയുമ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ അടിയിലോ വശങ്ങളിലോ മുകള്‍ഭാഗത്തോ സ്ഥാപിക്കാം. കൂടാതെ വീടിന്റെ ബ്രഹ്മസ്ഥാനമായ നടുക്കും സ്ഥാപിക്കാം. സമചതുരമായ ചെമ്പുപെട്ടിക്കുള്ളില് നാലു മൃഗങ്ങളുടെയും മദ്ധ്യഭാഗത്ത് ആമയുടെയും തലകളുടെ രൂപമാണ് ഇതില്‍ പതിക്കുന്നത്. സ്വര്‍ണ്ണത്തിലും വെള്ളിയിലും പഞ്ചലോഹത്തിലും ഇവയുണ്ടാക്കി വിധിപ്രകാരം നാല്പത്തിയൊന്നു ദിവസത്തെ പൂജകഴിഞ്ഞ ശേഷം മാത്രമേ സ്ഥാപിക്കാവൂ. അല്ലാതെ മാര്‍ക്കറ്റില്‍ നിന്ന് ഒരു പഞ്ചശിരസ്സ് വാങ്ങിച്ചു കൊണ്ടുവയ്ക്കുന്നതില്‍ യാതൊരു കാര്യവുമില്ല.
വീടുപണിഞ്ഞുകൊണ്ടിരിക്കുമ്പോള് വീടിന്റെ നാലുദിക്കിലും പ്രത്യേകം പ്രത്യേകം ഓരോ ചെപ്പുകളിലാക്കി ഈ തലകള്‍ സ്ഥാപിക്കാം. കിഴക്ക് ഇന്ദ്രദിക്കായതിനാല് ആനയുടെ തലയും, തെക്ക് യമദിക്കായതിനാല് പോത്തിന്റെ തലയും പടിഞ്ഞാറ് വരുണദിക്കായതിനാല് സിംഹത്തിന്റെ തലയും, വടക്ക് കുബേരദിക്കായതിനാല് പന്നിയുടെ തലയും, വീടിന്റെ നടുഭാഗത്തായി ആമയുടെ തലയും ഒരു ചെപ്പിനുള്ളിലാക്കി സ്ഥാപിക്കാം. ഈ രണ്ടു രീതിയിലാണ് പഞ്ചശിരസ്സുകള്‍ സ്ഥാപിക്കേണ്ടത്. പണികഴിപ്പിച്ച് വാസ്തുദോഷം സംഭവിച്ച വീടുകള്‍ക്ക് ആദ്യം പറഞ്ഞ രീതിയില്‍ ഒരു പെട്ടിക്കകത്ത് നിക്ഷേപിച്ച തലകള്‍ പൂജചെയ്ത് വയ്ക്കുന്നത് നല്ലതാണ്. ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് അപാകത സംഭവിച്ചാല്‍ പഞ്ചശിശസ്സ് സ്ഥാപിക്കാം. കൂടാതെ പോസിറ്റീവ് എനര്‍ജി വമിക്കുന്ന ചില പ്രത്യേകരത്നങ്ങള്‍ കടയ്ക്കുള്ളില്‍ സൂക്ഷിക്കുന്നത് കടയുടെ ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും ഇടയാക്കും. ഈ കടകളില്‍ സത്യനാരായണ പൂജ ചെയ്യുന്നത് ഉത്തമമാണ്.
വീടു പണി തുടങ്ങും മുമ്പ് കിണര്‍ കുഴിക്കുന്നതില്‍ ദോഷമുണ്ടോ?
വീടുപണി തുടങ്ങും മുമ്പ് കിണര്‍ കുഴിക്കുന്നതില്‍ ദോഷമില്ല. വീടുപണിക്കുമുമ്പ് ചുറ്റും മതില് കെട്ടുന്നതും നല്ലതാണ്. വിധിപ്രകാരം ഭൂമിപൂജ ചെയ്തശേഷം കിണര്‍ കഴിക്കുന്നത് ഉത്തമം.
പുതുതായി വാങ്ങിയ വില്ലയില്‍ ഓപ്പണ്‍ കിച്ചനാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഇതില്‍ എന്തെങ്കിലും അപാകതയുണ്ടോ?
അടുക്കളയും ഊണുമുറിയും രണ്ടായിത്തന്നെ നില്ക്കേണ്ടതാണ്. അടുക്കളയുടെയും ഊണുമുറിയുടെയും ഭാഗം ഒരു വുഡ്പാനല്‍ ചെയ്ത് ക്രമീകരിക്കുക.
വീടു പണികഴിപ്പിച്ചിട്ട് ഒമ്പതു വര്‍ഷം കഴിഞ്ഞു. വീട്ടില്‍ കയറി താമസിച്ച ശേഷം എന്നും ദുരിതങ്ങളാണ്. വീടിന്റെ തെക്കുഭാഗത്തായി മൂന്ന് കോണ്കട്ടുകളുണ്ട്. ഇത് ദോഷമാണെന്നു പറയുന്നു. ശരിയാണോ?
സാധാരണ തെക്കേ ചുമരില്‍ കോണ്കട്ടുകള് പാടില്ല. ഒരുപക്ഷേ നിങ്ങളുടെ വീടിന്റെ ദോഷം ഇതാകാന്‍ സാധ്യതയുണ്ട്. ഒരു വാസ്തു പണ്ഡിതന്റെ സേവനം പ്രയോജനപ്പെടുത്തുക.
ഒരു കോമ്പൗണ്ടില്‍ രണ്ടു വീടുകളുണ്ടെങ്കില്‍ രണ്ടിനും പ്രത്യേകം ഗേറ്റ് ആവശ്യമുണ്ടോ? വീടിന് അരമതില് മാത്രം കെട്ടി ഗേറ്റ് വയ്ക്കാതെ തുറന്നിടുന്നത് ദോഷമാണോ?
സ്വന്തം അച്ഛന്റെയും അമ്മയുടെയും വീടാണെങ്കില്‍ പോലും ഓരോ വീടിനും ചുറ്റു മതിലും പുറത്തിറങ്ങാന്‍ ഗേറ്റും പ്രത്യേകം വേണം. വാസ്തു അറിയാവുന്ന ഒരാളെ കാണിച്ച് പരിഹാരം കാണണം.
അനുഭവം… സാക്ഷ്യം…
സ്ഥലം ആറ്റിങ്ങല്‍. കോടിക്കണക്കിനു രൂപാ ചെലവഴിച്ച് അത്യാധുനിക രീതിയില്‍ വീടിന്റെ എലിവേഷനുമാത്രം മുന്‍തൂക്കം കൊടുത്ത് പണിഞ്ഞൊരു മാളിക. വീട്ടില്‍ കുടുംബമായി താമസിക്കുവാന്‍ പറ്റാത്ത അവസ്ഥ. വീടിന്റെ നാലു കോണുകളും എലിവേഷനുവേണ്ടി കോണ്‍ കട്ട് ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ വടക്കുകിഴക്കുഭാഗമായ ഈശാനകോണില് പ്രധാന ബെഡ്റൂം കോണില്‍ത്തന്നെ ബാത്ത് റൂം പണിഞ്ഞിരുന്നു. വീടിന്റെ പൂമുഖവാതില്‍ തെക്കു ദര്‍ശനമായി നീച സ്ഥാനത്തായിരുന്നു. ബ്രഹ്മസ്ഥാനം അടഞ്ഞ നിലയിലായിരുന്നു. കര്‍ണസൂത്രവും യമസൂത്രവും അടഞ്ഞ നിലയിലായിരുന്നു. പ്രധാന ബെഡ്റൂം എല്ലാംതന്നെ അസ്ഥാനത്ത് ആയിരുന്നു. അടുക്കള കിഴക്കിന്റെ മധ്യഭാഗത്ത് ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വാസ്തുശാസ്ത്രത്തിന് വിരുദ്ധമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ആ വീട്ടില്‍ ഉണ്ടായിരുന്നു. വലിയ ഒരു പൂജാമുറി പണിഞ്ഞിരുന്നു. ഇത് രണ്ടാം നിലയില്‍ അഗ്നികോണിലായിരുന്നു. അതെല്ലാം ശരിയായ ദിക്കിലും ദിശയിലും വരുന്നതിനുവേണ്ടി നിര്‍ദേശിക്കുകയും മൂന്നു മാസം കൊണ്ട് അതെല്ലാം ഇടിച്ചുപൊളിച്ച് അവര്‍ ശരിയാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ അവര്‍ സുഖമായി താമസിക്കുന്നു. ധാരാളം പണം ഉണ്ടെന്നു കരുതി പ്രകൃതിവിരുദ്ധമായി വീടുകള്‍ പണിഞ്ഞാല്‍ പുറത്തുനിന്നും കാണാന്‍ ഭംഗിയുണ്ടായിരിക്കും. പക്ഷേ, അതില്‍ വസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: