ആലപ്പുഴ: സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയോട് മാത്രമല്ല, പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായ പുന്നപ്ര-വയലാര്‍ സമരസേനാനികളോടും മുഖ്യമന്ത്രി പിണറായി വിജയന് അവഗണന. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷം പുന്നപ്ര-വയലാര്‍ വാരാചരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല.
മുഹമ്മ കണ്ണാര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം സഖാക്കള്‍ കത്തിച്ചതിന് ശേഷം ഇതുവരെ സ്മാരകം സന്ദര്‍ശിക്കാനോ പി. കൃഷ്ണപിള്ള അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനോ പിണറായി വിജയന് തയാറായിട്ടില്ല.
പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണം ഇന്ന് സമാപിക്കും. ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിക്കുന്ന വാരാചരണത്തിന്റെ സമാപനത്തില്‍ ചരിത്രത്തിലാദ്യമായി സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളാരും പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. പിബി അംഗങ്ങളും കേന്ദ്രകമ്മിറ്റിയംഗങ്ങളും ഉള്‍െപ്പടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കേണ്ട സ്ഥാനത്ത് തോമസ് ഐസക്ക് മാത്രമാണ് ഇത്തവണ കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ പങ്കെടുക്കുന്നത്.
കേരളത്തില്‍ നിന്ന് പിബി അംഗങ്ങളായി പിണറായി വിജയന്, എം.വി. ഗോവിന്ദ്രന്‍, എസ്. വിജയരാഘവന് എന്നിവര്‍ ഉണ്ടായിട്ടും വയലാറില്‍ ഇന്ന് നടക്കുന്ന സമാപന പരിപാടില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും വി.എസ്. അച്യുതാനന്ദനായിരുന്നു പുന്നപ്ര-വയലാര്‍ വാര്ഷികവാരാചരണ പരിപാടികളിലെ സജീവ സാന്നിദ്ധ്യം. വിഎസും പിണറായി വിജയനും ഒന്നിച്ച് പങ്കെടുത്തിരുന്ന കാലഘട്ടത്തില്‍ വിഎസിന് അണികളില്‍ നിന്ന് ലഭിച്ചിരുന്ന വരവേല്‍പ്പും മുദ്രാവാക്യം വിളികളും പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
നാലു വര്‍ഷമായി വിഎസ് പങ്കെടുക്കുന്നില്ല. മുന്‍പ് പുന്നപ്ര-വയലാര്‍ വാര്ഷികവാരാചണ കാലത്ത് പാര്‍ട്ടി കേന്ദ്രനേതൃയോഗം വിളിച്ചു ചേര്‍ത്തതില്‍ വിഎസ് പരസ്യമായി പ്രതിഷേധിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: