ന്യൂദല്‍ഹി: ദര്ശന് ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്ശന് ഹീരാനന്ദാനി. ലോക്സഭയില്‍ അദാനിയ്ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ കയ്യില്‍ നിന്നും മഹുവ മൊയ്ത്ര പണവും വിലപിടിച്ച സമ്മാനങ്ങളും വാങ്ങിയെന്ന് താന്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് വ്യവസായി ദര്ശന് ഹിരാനന്ദാനി പറഞ്ഞു. ആരോപണം വ്യക്തിപരമായി നാണക്കേടുണ്ടാക്കുകയും കമ്പനിയെ പരോക്ഷമായി ബാധിക്കുകയും ചെയ്തതിനാലാണ് സ്വയം പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ദര്ശന് ഹിരാനന്ദാനി പറഞ്ഞു.
ഇതോടെ മഹുവ മൊയ്ത്രയ്ക്കുള്ള പിന്തുണ വീണ്ടും ദുര്‍ബലമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും മഹുവ മൊയ്ത്രയുടെ രക്ഷയ്ക്കെത്തിയില്ല. എന്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും മഹുവയെ പിന്തുണച്ച് എത്തിയിട്ടില്ല.
ദര്ശന് ഹീരാനന്ദാനിയുടെ സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര തനിക്ക് ലോക് സഭാ വെബ് സൈറ്റില്‍ കയറാനുള്ള പാസ് വേഡ് വരെ നല്‍കിയിരുന്നെന്നും ദുബായില്‍ നിന്നും താന്‍ ആ വെബ് സൈറ്റില്‍ കയറിയെുന്നും ഉള്ള ഏറ്റവും ഗുരുതരമായ ആരോപണമാണ് മഹുവ മൊയ്ത്രയ്ക്ക് വിനയാവുക. കാരണം പാര്‍ലമെന്റില്‍ എംപി എന്ന നിലയില്‍ അവകാശ ലംഘനം നടത്തിയെ കുറ്റമായിരിക്കും പ്രധാന വിനയാവുക.
ബിജെപി എംപി നിഷികാന്ത് ദുബെയും സുപ്രീംകോടതി അഭിഭാഷകന് ജെയ് ആനന്ദ് ദെഹാദ് റായിയും മഹുവ മൊയ്ത്രയ്ക്ക് എതിരായി പാര്‍ലമെന്റ് സദാചാരസമിതി മുന്‍പാകെ നല്കിയ പരാതിയില്‍ അവകാശലംഘനമായിരിക്കും ഗുരുതരമായ ആരോപണമായി മഹുവയ്ക്ക് എതിരെ ഉയര്‍ന്നുവരിക. ഈ കുറ്റത്തിന്റെ പേരില്‍ മിക്കവാറും മഹുവ മൊയ്ത്രയ്ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേയ്ക്കുമെന്നാണ് കരുതുന്നത്.
ദര്ശന് ഹീരാനന്ദാനിയുടെ പരാതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഹിരാനന്ദാനി പറയുന്നത്. മാത്രമല്ല, അദാനി ഗ്രൂപ്പ് ഈ കേസില്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തങ്ങള്‍ക്കെതിരെ ചില വ്യക്തികളും സ്ഥാപനങ്ങളും രാപ്പകലില്ലാതെ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആരോപണം. മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ നാല് വര്‍ഷത്തില്‍ (2019 മുതല്‍ 2023 വരെ) അദാനി ഗ്രൂപ്പിനെതിരെ 51 ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഇതില്‍ പലതും അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്ന, വേട്ടയാടുന്ന ചോദ്യങ്ങളാണ്. ഇതുവഴി എളുപ്പം പ്രസിദ്ധി നേടുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പക്ഷെ അദാനിയ്ക്കെതിരെ വിവരങ്ങള്‍ തേടാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അദാനി കമ്പനികളിലെ മുന്‍ ഉദ്യോഗസ്ഥര്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങളിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം മഹുവ മൊയ്ത്ര അദാനി ഗ്രൂപ്പിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ വിശദമായ സിബിഐ അന്വേഷണം വരെ വരാന്‍ സാധ്യതയുണ്ട്.
മഹുവ മൊയ്ത്രയ്ക്കെതിരെ അസാധാരണമായ രീതിയിലാണ് ആരോപണമുണ്ടായത്. എല്ലാം കുറിക്കു കൊള്ളുന്ന, വ്യക്തമായ തെളിവുകളോട് കൂടിയ ആരോപണങ്ങളായതിനാല്‍ മഹുവ മൊയ്ത്രയ്ക്ക് കുതറി മാറാന്‍ കഴിയുന്നില്ല. മോദി സര്‍ക്കാരിനെതിരെയും അദാനിയ്ക്കെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷത്തെ ഒന്നടങ്കം കൂടെ നിര്‍ത്താമെന്നാണ് മഹുവ മൊയ്ത്ര തുടക്കത്തില്‍ കരുതിയത്. എന്നാല്‍ ദര്ശന് ഹീരാനന്ദാനിയുടെ സത്യവാങ്മൂലം മഹുവയുടെ എല്ലാ തന്ത്രങ്ങളുടെയും മുനയൊടിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി വെള്ളപ്പേപ്പറില്‍ ഒപ്പിടീച്ചാണ് ദര്ശന് നന്ദാനിയില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയതെന്നും അത് അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്നുമുള്ള മഹുവയുടെ ആരോപണങ്ങള്‍ ദര്ശന് ഹിരാനന്ദാനി തള്ളിയതാണ് മഹുവയ്ക്ക് വിനയായത്.
അദാനി ഗ്രൂപ്പിനെതിരെ മഹുവയ്ക്കൊപ്പം രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും കൈകോര്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ദര്ശന് ഹീരാനന്ദാനി ഉത്തരം പറഞ്ഞില്ല. എല്ലാ കാര്യങ്ങളും തന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നുമായിരുന്നു ചൊവ്വാഴ്ച ഹിരാനന്ദാനിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: