പുതിയതായി പണിയുന്ന വീട്ടില്‍ രണ്ട് അടുക്കള ക്രമീകരിക്കുന്നുണ്ട്. ഒന്ന് മോഡേണ്‍. രണ്ടാമത്തേത് സാധാരണ അടുക്കള. ഇങ്ങനെ ചെയ്യുന്നതില്‍ ദോഷമുണ്ടോ?
ഇപ്പോള്‍ പുതിയതായി ചെയ്യുന്ന കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ
പാന്‍ട്രിയും അടുക്കളയും ചെയ്യുന്നുണ്ട്. ഇത് ആധുനികകാലത്തിന്റെ പ്രത്യേകതയാണ്. പണ്ടുകാലത്ത് വീടിനകത്ത് ഒരു അടുക്കളയും പുറത്ത് വര്‍ക്ക് ഏരിയയും ഉണ്ടാക്കുന്നതായിരുന്നു പതിവ്. കാലത്തിനനുസരിച്ച് ചെറിയമാറ്റം അനിവാര്യമാണ്. അതില്‍ തെറ്റില്ല.
ഫ്ലാറ്റുകളില്‍ വാസ്തുശാസ്ത്രം എത്രത്തോളം പാലിക്കാന്‍ കഴിയും?
വാസ്തുശാസ്ത്രം ഫ്ലാറ്റുകളില്‍ പരമാവധി 60 ശതമാനമേ പാലിക്കുവാന്‍ സാധിക്കുകയുള്ളു. കാരണം ഒരു ഫ്ലാറ്റിന്റെ നാലു ഭാഗവും ഓപ്പണ്‍ സ്പേസ് ആയിരിക്കില്ല. വലതു സൈഡില്‍ പരിപൂര്‍ണ്ണമായി വാസ്തുതത്ത്വങ്ങള്‍ നടപ്പിലാക്കി പണിയുമെങ്കില്‍ ഇടതുഭാഗത്തുള്ളത് ഔട്ടായി മാറും. പണ്ടുകാലത്ത് യാതൊരു കണക്കും നോക്കാതെയും ദിക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കാതെയും ഫ്ലാറ്റുകള്‍ പണിതിരുന്നു. ആ കാലം മാറി. ഇന്നിപ്പോള്‍ ഫ്ലാറ്റിന് സ്ഥലം എടുക്കുമ്പോള്‍ തന്നെ വിദിക്ക് വരാത്ത രീതിയിലുള്ള ഭൂമി തിരഞ്ഞെടുക്കുന്നുണ്ട്. കൂടാതെ ഒരു ഫ്ലാറ്റിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ വാസ്തുശാസ്ത്രവിദഗ്ദ്ധന്റെ നിര്‍ദേശം സ്വീകരിക്കുന്നുമുണ്ട്. പേപ്പര്‍ വര്‍ക്കുകള്‍ നടക്കുമ്പോള്‍ത്തന്നെ ഫ്ലാറ്റിന്റെ ആവശ്യക്കാര്‍ വാസ്തുനിര്‍മ്മിതി വേണമെന്ന് താത്പര്യപ്പെടുന്നു.
ഡ്രെയിനേജിന്റെയും വെള്ളത്തിന്റെയും ലൈനുകള്‍ കൊണ്ടുപോകാനുള്ള സൗകര്യം കണക്കിലെടുത്ത് പല ഫ്ലാറ്റുകളുടെയും നാലു മൂലകളിലും ടോയ്ലറ്റുകള് പണിഞ്ഞിരുന്നു. ഇതു വളരെ ദോഷം ചെയ്യുന്ന കാര്യമാണ്. ഒരു ഫ്ലാറ്റിനെ സംബന്ധിച്ച് പ്രധാന ബെഡ്ഡുകള്‍ തെക്കുഭാഗത്തു കൊടുക്കുന്നത് നല്ലതാണ്. അതിന് സൗകര്യമില്ലെങ്കില്‍ വടക്കുപടിഞ്ഞാറുഭാഗത്ത് കൊടുക്കണം. അടുക്കള സൂര്യകിരണങ്ങള്‍ പതിക്കുന്ന ഭാഗങ്ങളായ കിഴക്കുഭാഗത്തും വടക്കുപടിഞ്ഞാറു ഭാഗത്തും കൊടുക്കുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ ബാല്‍ക്കണിയുടെ ഭാഗം വടക്കുകിഴക്കുഭാഗത്ത് നല്‍കുക. ഫ്ലാറ്റുകളുടെ പ്രധാനവാതില്‍ ഇടുങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കി അല്പം സ്ഥലമുള്ള ഭാഗത്ത് ഓപ്പണ്‍ ചെയ്യേണ്ടതാണ്. ഫ്ലാറ്റിന്റെ മദ്ധ്യഭാഗത്ത് മുന്‍വശത്തെ വാതില്‍ കൊടുക്കുന്നത് നല്ലതല്ല. ഒരു ഫ്ലാറ്റ് വാങ്ങുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഐശ്വര്യദായക ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കും.
ആറു വര്‍ഷം പഴക്കമുള്ള ഒരു ഇരുനിലവീടു വാങ്ങി. വീടിന്റെ ദര്‍ശനം പടിഞ്ഞാറുഭാഗത്താണ്. ഡ്രോയിംഗ് ഹാള്‍ ഒരു സ്റ്റെപ്പ് താഴ്ത്തിയാണ് എടുത്തിട്ടുള്ളത്. കുട്ടികള്‍ പലപ്പോഴും ഓടിക്കളിച്ച് തെന്നി വീഴാറുണ്ട്. ഒരു ഫാഷനുവേണ്ടിയാണ് ഈ രീതിയില്‍ പണിതതെന്ന് വീടുതന്ന ആള് പറഞ്ഞു. ഈ ഭാഗം നിരപ്പാക്കി എടുക്കുന്നതില്‍ അപാകത ഉണ്ടോ?
ഒരിക്കലും ഇല്ല. ഇത് നിരപ്പാക്കി എടുക്കേണ്ടതുതന്നെയാണ്. വീടിന്റെ സിറ്റൗട്ട് മുതല്‍ അടുക്കളവരെയുള്ള ഭാഗങ്ങള്‍ എല്ലാം തന്നെ ഒരേ നിരപ്പില്‍ വരുന്നതാണ് ഉത്തമം.
കുടുംബഷെയറില് കിട്ടിയ അഞ്ച് സെന്റ് ഭൂമിയില്‍ മൂന്നു പേരെ അടക്കിയിട്ടുണ്ട്. ഈ ഭൂമിയില്‍ വീടു വയ്ക്കുവാന്‍ എന്താണു ചെയ്യേണ്ടത്?
പ്രസ്തുത ഭൂമിയില്‍ ഉള്ള കുഴിമാടത്തിന് ചുറ്റും അല്ലെങ്കില്‍ അടക്കിയ സ്ഥലത്ത് ആറടി താഴ്ചയില്‍ മണ്ണ് കുഴിച്ചു മാറ്റിയ ശേഷം പുതിയ മണ്ണ് നിക്ഷേപിച്ച് വാസ്തുപൂജ നടത്തി വടക്കുകിഴക്കേ മൂലഭാഗത്ത് ഊര്‍ജ്ജം വമിക്കുന്ന ചില പ്രത്യേക രത്നങ്ങള്‍ വിധിപ്രകാരം സ്ഥാപിച്ചശേഷം വീടു വയ്ക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല.
പുതിയൊരു വീടു പണിയുവാന്‍ പോവുകയാണ്. കിണര്‍ ആദ്യം കുഴിക്കുന്നതില്‍ ദോഷമുണ്ടോ?
വീടുപണി തുടങ്ങും മുമ്പ് കിണര്‍ കുഴിക്കുന്നതില്‍ ദോഷമില്ല. വീടുപണിക്കുമുമ്പ് ചുറ്റും മതില് കെട്ടുന്നത് നല്ലതാണ്. വിധിപ്രകാരം ഭൂമിപൂജ ചെയ്തശേഷം കിണര്‍ കുഴിക്കുന്നത് ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: