(ദേവപൂജോപാഖ്യാനം തുടര്‍ച്ച)
സമനായി, സമരസാചാരനായി, സദാകാലം സമാഭാസനായി, സമാകൃതിയായി ഈവണ്ണം ആത്മാവിനെ പൂജിക്കുന്നവന്, സംശയമില്ല, കൈവല്യം പ്രാപിച്ചീടും. ചിന്മാത്രമായ പരം, സദാ ദേവവിത്താ(ദേവനെ അറിഞ്ഞവന്)യുളളവന്‍ നിര്‍മ്മായം സമമായി സര്വയായീടുന്ന ബുദ്ധിയോടെ ഉചിതവ്യാപാരസംസിദ്ധമായീടുന്ന അര്‍ത്ഥങ്ങളെക്കൊണ്ട് നന്നായി പൂജിച്ചുകൊണ്ടീടണം. ഈ പൂജയ്ക്കായി ദുര്ല്ലഭവസ്തുക്കളെ സമ്പാദിപ്പാന്‍ അല്പവും പ്രയത്നിച്ചീടരുത്.
ഇഷ്ടവസ്തുക്കളെ സ്വയം നന്നായി നിവേദിച്ചു സന്തുഷ്ടിയോടെ ചേതനനും പരനുമായ ശിവനെ പൂജിക്കണം. കുറവുകൂടാതെ നാനാവിഭവം ചേര്‍ന്ന് അന്നപാനം, ആസനം, പിന്നെ ശയനം, നല്ല യാനം(സഞ്ചാരം) എന്നിവ നിഷ്പ്രയാസം സിദ്ധിക്കും, ഇവകളാല്‍ ചേതനനായ പരമായ ശിവനെ നന്നായി പൂജിക്കണം. സുന്ദരമായുള്ള അന്നം, പാനം, മാല്യം, ചന്ദനം മുതലായ സുഖവാസനാസാധനങ്ങളാല് സര്വപ്രകാരത്തിലും സുഖത്തോടെ ആത്മാവിനെ സര്‍വദാ ശിവരൂപനെന്നറിഞ്ഞ് അര്‍ച്ചിക്കണം. മോഹസംരംഭശാലിയാകുന്ന ആധിയാലും നല്ലവണ്ണം ബാധിക്കുന്ന വ്യാധിയാലും സര്വോപദ്രവ ദുഃഖസഞ്ചയത്താലും സദാ ശിവരൂപമായ ആത്മാവിനെ പൂജിക്കണം. ദാരിദ്ര്യത്താലും വര്‍ദ്ധിച്ചുവരുന്ന രാജ്യഭാരത്താലും വാസനാപ്രവാഹത്താല് ചേരുന്ന വിചിത്രവ്യാപാരപുഷ്പത്താലും ശുദ്ധാത്മാവിനെ പൂജിക്കണം. അത്യന്തം നിഷിദ്ധങ്ങളായീടുന്ന ഭോഗങ്ങളെ നിത്യവും ഉപേക്ഷിക്കുന്നതുകൊണ്ടും ഉത്തമ ഭോഗങ്ങളെ സ്വീകരിക്കുന്നതുകൊണ്ടും പ്രബുദ്ധമായ ആത്മാവിനെ പൂജിച്ചുകൊള്ളണം. നഷ്ടം വന്നീടുന്നവയെ ഉപേക്ഷിക്കുകയും കിട്ടീടുന്നവയെ സ്വീകരിക്കുകയും വേണം. നിര്‍വ്വികാരതയോടെ ഈവണ്ണം ചെയ്യുന്നത് ആത്മാവിനെ പൂജിപ്പതാകുന്നു. ആദ്യം നല്ലതും ചീത്തയുമായിത്തോന്നുന്ന സാധനത്തെ നിത്യാത്മപൂജാപരനായിട്ട് വര്‍ത്തിക്കുന്ന മനുഷ്യന് ആത്മരൂപമാക്കി ചെയ്യണം. എപ്പോഴും എങ്ങും നാനാരൂപത്തില്‍ വര്‍ത്തിക്കുന്നത് വിചാരിച്ചാല്‍ എപ്പേരും ബ്രഹ്മംതന്നെ. ഇത്തരത്തിലുള്ള നല്ല നിശ്ചയത്തോടുകൂടി നിത്യം ആത്മപൂജാവ്രതം ആചരിക്കുകവേണം.കിട്ടാത്തതാഗ്രഹിച്ചീടാതെയും കിട്ടുന്നതിലൊട്ടും വെറുപ്പു കൂടാതെയും സ്വഭാവമായി പ്രാപിക്കും ഭോഗങ്ങളെ അപഗാ(നദി)സമൂഹത്തെ സമുദ്രമെന്നതുപോലെ വിദ്വാന് സ്വീകരിക്കണം. തുച്ഛാതുച്ഛകളായീടുന്ന ദൃഷ്ടികളില് ചിത്തവികാരമൊട്ടും ഉണ്ടാകാതിരിക്കണം. എന്തോന്നു ചേര്‍ന്നീടിലും ചേര്ന്നീടാതിരിക്കിലും അന്തരീക്ഷത്തിന് ഒരു ഭേദവുമുണ്ടാകുമോ? അറിയുക ദേശം, കാലം, ക്രിയ എന്നിവകളാല്‍ യാതൊരു ശുഭാശുഭം പ്രാപിച്ചീടുന്നുവോ മായമില്ലാതെ നിര്വികാരസ്വീകൃതമാകും, ആയതുകൊണ്ടു ആത്മാവിനെ പൂജിച്ചീടേണം. നല്ല ഈ ആത്മാര്ച്ചനയ്ക്ക് ആവശ്യമുള്ളതായി പറഞ്ഞ പദാര്ത്ഥസമ്പത്തുകളഖിലവും ചിത്രങ്ങളായീടുന്ന രസങ്ങളാല്‍ നല്ലവണ്ണം പുഷ്ടിയെ പ്രാപിച്ചവയാണെന്നു വന്നീടിലും ഏകമായ ശമരസത്താല് ഭാവിതങ്ങളാകുന്ന ആയവ കടുതിക്താദിരസങ്ങളെ ഒന്നൊഴിയാതെകണ്ടു ദൂരെക്കളഞ്ഞ് നന്നായി മധുരങ്ങളായി ഭവിച്ചീടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: