ന്യൂദല്‍ഹി: അദാനിയെ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ നാല് വര്‍ഷക്കാലം 51 ചോദ്യങ്ങള്‍ ചോദിച്ച് അതിവേഗം രാഷ്ട്രീയഗ്രാഫുയര്ത്താമെന്ന് കരുതിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ രാഷ്ടീയ ജീവിതം അവസാനിക്കുന്നുവോ? അത്തരം സൂചനകളാണ് തലസ്ഥാനത്ത് നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്.
ദര്ശന് ഹീരാനന്ദാനി എന്ന വ്യവസായി ഈ കേസില്‍ മാപ്പു സാക്ഷിയാവുകയും മഹുവ മൊയ്ത്രയ്ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബയെും സുപ്രീംകോടതി അഭിഭാഷകന് ജെയ് ആനന്ദ് ദേഹാദ് റായിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെച്ചതോടെ മഹുവ മൊയ്ത്രയ്ക്ക് പ്രതിരോധങ്ങളില്ലാതായി. താന്‍ മഹുവ മൊയ്ത്രയ്ക്ക് അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം നല്‍കിയെന്നും ആഡംബര സമ്മാനങ്ങള്‍ നല്‍കിയെന്നും മഹുവ അവരുടെ പാര്‍ലമെന്റ് വെബ് സൈറ്റില്‍ കയറാനുള്ള ഇ-മെയില്‍ നല്‍കിയെന്നും ദര്ശന് ഹീരാനന്ദാനി പാര്‍ലമെന്റ് സദാചാരസമിതിയെ അറിയിച്ചിരിക്കുകയാണ്. ദല്‍ഹിയിലെ മഹുവയുടെ ഫ്ളാറ്റ് കോടികള്‍ ചെലവാക്കി മോടി പിടിപ്പിച്ചുനല്കിയതും താനാണെന്നും വ്യവസായി ദര്ശന് ഹീരാനന്ദാനി വെളിപ്പെടുത്തിയിരിക്കുകയാണ്. ചില സമയത്ത് സൗഹൃദത്തിന്റെ പേരില്‍ ആവശ്യത്തിലധികം മഹുവ മൊയ്ത്ര തന്നെ മുതലെടുത്തെന്നും ദര്ശന് ഹീരാനന്ദാനി നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മാത്രമല്ല, മഹുവ ഇന്ത്യയില്‍ ഉള്ളപ്പോള്‍ ദുബായിലിരുന്ന് താന്‍ പാര്‍ലമെന്റ് വെബ്സൈറ്റിലെ മഹുവയുടെ പേജില്‍ കയറിയതായും ദര്ശന് ഹീരാനന്ദാനി വെളിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ തന്റെ രാഷ്ട്രീയ ഗ്രാഫ് അതിവേഗം ഉയര്‍ത്താമെന്ന് മഹുവ കരുതിയിരുന്നതായും ദര്ശന് ഹീരാനന്ദാനി പറയുന്നു. “അദാനിയെ ലക്ഷ്യം വെയ്ക്കുന്നത് വഴി മോദിയെ അമ്പരപ്പിക്കാമെന്നായിരുന്നു മഹുവ കരുതിയരുന്നത്. അതിനായി അവര്‍ ദര്ശന് ഹീരാനന്ദാനിയെ മാത്രമല്ല, അദാനി കമ്പനികളില്‍ മുന്‍പ് ജോലി ചെയ്തവരെയും ബന്ധപ്പെട്ട് വിവരങ്ങള്‍ എടുത്തിരുന്നു. അദാനിയുടെ ധര്‍മ്മ എല്എന്ജിയ്ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ദീര്‍ഘകാല കരാര്‍ നല്കുന്നു എന്നറിഞ്ഞ് മഹുവ അതിന്റെ വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച് . അതുവഴി അദാനിയെ പ്രതിരോധത്തിലാക്കി മോദിയെ അമ്പരപ്പിക്കുകയായിരുന്നു ലക്ഷ്യം.ഈ വിഷയത്തെക്കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദിക്കാനായി ചില ചോദ്യങ്ങള്‍ ഉണ്ടാക്കി നല്കി” – ദര്ശന് ഹീരാനന്ദാനി തന്റെ സത്യവാങ്മൂലത്തില്‍ തുറന്ന് സമ്മതിക്കുന്നു.
എല്ലാതരത്തിലും മഹുവയെ എംപി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തെളിവുകള്‍ പാര്‍ലമെന്റ് സദാചാര സമിതിയ്ക്ക് കിട്ടിക്കഴിഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മഹുവയുടെ പാര്‍ട്ടിയായ തൃണമൂലിന്റെ നേതാവ് മമത ബാനര്‍ജി മൗനം പാലിക്കുകയും ചെയ്യുകയാണ്. ഇതാണ് വൈകാതെ മഹുവയുടെ എംപിയെന്ന നിലയിലുള്ള രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാവുന്നു എന്ന ഊഹം ബലപ്പെടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: