തിരുവനന്തപുരം: കര്‍ണാടകയില്‍ എന്‍ഡിഎയ്ക്കൊപ്പം ജെഡിഎസ് നില്‍ക്കുമെന്ന അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഢയുടെ പ്രഖ്യാപനത്തില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് ജെഡിഎസ് സംസ്ഥാന ഘടകം. കേരളത്തില്‍ ജെഡിഎസിനെ എല്‍ഡിഎഫിനൊപ്പം നിര്‍ത്തിയതിന് പിണറായി വിജയന്റെ മഹാമനസ്കതയ്ക്ക് നന്ദിയുണ്ടെന്നും പ്രശംസിക്കേണ്ടതുണ്ടെന്നും ജനതാദള്‍ അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഢയുടെ മകന് കുമാരസ്വാമി കൂടി പറഞ്ഞതോടെ സിപിഎം നേതൃത്വം വീണ്ടും വെട്ടിലായി.
കേരളത്തില്‍ ജനതാദള്‍ എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് പിണറായി വിജയനുമായി സംസാരിച്ചിരുന്നു എന്ന് ദേവഗൗഢയുടെ പ്രസ്താവന വാസ്തവവിരുദ്ധവും തികഞ്ഞ അസംബന്ധവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയന് കുമാരസ്വാമി നന്ദി അറിയിച്ചതോടെ പിണറായിയുടെ മറുപടി കളവാണെന്ന് വ്യക്തമാകുന്നു.
മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ ജെഡിഎസിന്റെ നിലപാട് എല്‍ഡിഎഫില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കും. ഇതോടെ ജെഡിഎസിനെ തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലാണ് പിണറായി വിജയന്. കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇന്‍ഡി സഖ്യത്തെ ചൂണ്ടിക്കാട്ടി കുമാരസ്വാമി പ്രതികരിച്ചു. ഇതും സിപിഎമ്മിനെ വെട്ടിലാക്കി. ഇതോടെ ജെഡിഎസിന്റെ നിലപാട് വ്യക്തമാക്കാന്‍ സിപിഎം അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
ജെഡിഎസിന്റെ കര്‍ണാടക ഘടകമാണ് എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുന്നതെന്നാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും എംഎല്‍എ മാത്യു ടി. തോമസും വ്യക്തമാക്കുന്നത്. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഇരുവര്‍ക്കും പെട്ടെന്ന് കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിട്ടു പോകാനാകില്ല. അതിനാല്‍ ദേവഗൗഡയുമായി എതിര്‍പ്പുള്ള പാര്‍ട്ടിയിലെ വിമതരെ കൂടെ കൂട്ടി നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.
ഇതിനിടെ സംസ്ഥാന ജെഡിഎസില്‍ വിള്ളല്‍ ഉണ്ടാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. മന്ത്രിസഭാ രൂപികരണ സമയത്ത് മന്ത്രി കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും തമ്മില്‍ ഇടഞ്ഞു നിന്നെങ്കിലും പിണറായിയുടെ വിരട്ടലില്‍ ഒന്നിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നീലലോഹിതദാസന്‍ നാടാര്‍ പലകുറി ശ്രമിച്ചെങ്കിലും നടന്നില്ല.
ജോസ് തെറ്റയില്‍ ദേവഗൗഢയുമായി അടുത്ത ബന്ധം പുര്ത്തുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമോ എന്ന ആശങ്കയും നിലനില്ക്കുന്നു. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം പറഞ്ഞ് പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താമെങ്കിലും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിലപാടുകളില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. കെഎസ്ഇബിയില്‍ സിഐടിയു യൂണിയന്റെ താളത്തിനൊത്ത് മന്ത്രി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: