ഗാസ: ഇസ്രയേല്‍ ആക്രമണത്തില്‍ ജീവനുംകൊണ്ടോടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പലസ്തീന് അഭയാര്‍ത്ഥികള്‍ക്ക് അറബ് രാജ്യങ്ങള്‍ വാതില്‍ തുറന്നുകൊടുക്കാത്തത് വലിയ അഭയാര്‍ത്ഥി പ്രതിസന്ധി സൃഷ്ടിക്കുന്നു. പലസ്തീനോടുള്ള അറബ് രാഷ്ട്രങ്ങളുടെ സ്നേഹം വാക്കില്‍ മാത്രമോ എന്ന വിമര്‍ശനം ഇതോടെ ചിലര്‍ ഉയര്‍ത്തുന്നു.
ഇസ്രയേലിനും പലസ്തീനും ചുറ്റുമായി കിടക്കുന്നത് മുഴുവന്‍ അറബ് രാഷ്ട്രങ്ങളാണ്. സിറിയ, ലെബനന്, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളൊന്നും പലസ്തീന് അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാവാതെ അവരുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സൗദിയും ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ല.ഈജിപ്തിലേക്ക് കടക്കാനുള്ള റാഫ ഗേറ്റില്‍ പതിനായിരക്കണക്കിന് പലസ്തീന് അഭയാര്‍ത്ഥികളാണ് തടിച്ചുകൂടിയിരിക്കുന്നത്. പുറത്തുനിന്നുള്ള ജീവകാരുണ്യ സഹായവും ഗേറ്റടച്ചതിനാല്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല.
ഇതോടെ പലസ്തീനെ അനുകൂലിക്കുന്നുവെന്ന് അറബ് രാജ്യങ്ങള്‍ പറയുന്നെങ്കിലും അഭയാര്‍ത്ഥികളോടുള്ള ഈ അവഗണന വലിയ തലവേദനയാവുകയാണ്. അതിര്‍ത്തി ഗേറ്റുകള്‍ തുറന്നുകൊടുത്താല്‍ വന്‍തോതില്‍ അഭയാര്‍ത്ഥികള്‍ ഒഴുകിവരുമെന്ന ഭീതിയാണ് അറബ് രാഷ്ട്രങ്ങള്ക്കുള്ളതെന്ന് പറയന്നു. ഇപ്പോഴേ ധാരാളം പലസ്തീന് അഭയാര്‍ത്ഥികള്‍ രാജ്യത്തുള്ളതിനാല്‍ ഇനി കൂടുതല്‍ പേരെ എടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ ്ജോര്ദാന്.
പലസ്തീന് അഭയാര്‍ത്ഥികളെ സ്വീകരിച്ച് കഴിഞ്ഞാല്‍ ഈ പ്രദേശത്ത് സുസ്ഥിരമായി ഒരു അസ്ഥിരത നിലനില്‍ക്കുമെന്നാണ് അഭയാര്‍ത്ഥികളെ സ്വീകരിക്കാതിരിക്കുന്നതിന് കാരണമായി ഈജിപ്ത് പ്രസിഡന്റ് അബ്ദെല് ഫത്തേ എല്‍-സിസി പറയുന്നത്.
അതിര്‍ത്തി തുറന്നുകൊടുത്താല്‍ മുഴുവന്‍ പലസ്തീനികളും അങ്ങോട്ടേക്ക് പ്രവഹിക്കുമെന്നും അത് സ്വതന്ത്ര പലസ്തീന് എന്ന രാജ്യം സൃഷ്ടിക്കുന്നതിന് തടസ്സമാകുമെന്നും ഈജിപ്തും ജോര്‍ദ്ദാനും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: