ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ചീഫ് വിസ്താരം മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായി. ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്. ജയരാജിന്റെ ചീഫ് വിസ്താരം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാല് ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 667 പ്രധാന രേഖകളും 93 തൊണ്ടിമുതലുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ ചീഫ് വിസ്താര വേളയില്‍ കോടതി തെളിവില്‍ സ്വീകരിച്ചു.
ഈ കേസിന് മുന്‍പ് നടന്ന ചേര്‍ത്തലയിലെ നന്ദു കൃഷ്ണയുടെ കൊലപാതകം മുതല്‍ തന്നെ എതിര് സംഘടനയിലുള്ളവരെ കൊലപ്പെടുത്തുവാന്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. അതിനായി പട്ടിക തയ്യാറാക്കിയിരുന്നതായും അതില്‍ രണ്‍ജീത് ശ്രീനിവാസന്റെ പേര് ഉള്‍പ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തിയിരുന്നു.
കൂടാതെ പ്രതി അനൂപിന്റെ ഭാര്യയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ഇങ്ങനെ തയാറാക്കിയ പട്ടികയും രണ്‍ജീത് ശ്രീനിവാസന്റെ കുടുംബ ഫോട്ടോയും ഉള്‍പ്പെട്ടിരുന്നതായും അന്വേഷണ വേളയില്‍ തെളിഞ്ഞിരുന്നു.
പ്രതികള്‍ ഗൂഡാലോചനകളും തയാറെടുപ്പുകളും നടത്തിയ സ്ഥലങ്ങളില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ടവര്‍ ലൊക്കേഷനുകളുടെ തെളിവില്‍ നിന്നും കണ്ടെത്തിയിരുന്നു.
നിലവില്‍ 156-ാമത് സാക്ഷിയായാണ് അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയില്‍ വിസ്തരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം അടുത്ത ആഴ്ച ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: