ന്യൂദല്‍ഹി: രാജസ്ഥാനിലെ ബിജെപി മുന്നേറ്റം പ്രവചിച്ച് കൂടുതല്‍ അഭിപ്രായ സര്‍വേകള്‍. ജയ്പൂര്‍-ധോല്‍പൂര്‍ മേഖലയില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഇന്ത്യാ ടിവി-സിഎന്‍എക്സ് സര്‍വേ വ്യക്തമാക്കി. ടോങ്ക്-കോട്ട മേഖലയിലും മാര്‍വാര്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. നാല്പതോളം സീറ്റുകള്‍ ഇവിടെ അധികം ലഭിക്കും.
ജയ്പൂര്‍-ധോല്‍പൂര്‍ മേഖലയില്‍ 20 സീറ്റ് അധികമായി ലഭിക്കും. കോണ്‍ഗ്രസിന് ഇവിടെ പത്തു സീറ്റെങ്കിലും നഷ്ടമാകും. 48 സീറ്റുള്ള മേഖലയില്‍ ബിജെപിക്ക് 28ഉം കോണ്‍ഗ്രസിന് 19ഉം സീറ്റാണ് പ്രവചിക്കുന്നത്.
ടോങ്ക്-കോട്ട മേഖലയിലെ 24ല്‍ 13 സീറ്റില്‍ ബിജെപിയും 11 ഇടത്ത് കോണ്‍ഗ്രസും നേടും. ജോധ്പൂരും നാഗോറും അടങ്ങുന്ന മാര്‍വാറില്‍ ബിജെപി- 17, കോണ്‍ഗ്രസിന് പന്ത്രണ്ട് സീറ്റ് നഷ്ടമാകും. ബിജെപിക്ക് മേഖലയില്‍ 40ഉം കോണ്‍ഗ്രസിന് 15ഉം സീറ്റാണ് പ്രവചനം.
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും ഭരണ പരാജയവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന് 57 ശതമാനം പേര് പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഗെഹ്ലോട്ട് പരിതാപകരമെന്ന് അമ്പതു ശതമാനം പേര് വിലയിരുത്തി. 52 ശതമാനം പേര് ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. കോണ്‍ഗ്രസിലിത് 40 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: