ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എസ്പിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക്. പ്രതിപക്ഷ സഖ്യത്തിലെ തമ്മിലടിയും ഭിന്നതയും വ്യക്തമാക്കുന്നതാണിത്. കോണ്‍ഗ്രസിന്റെ ഏകാധിപത്യ നിലപാടിനെതിരെ സഖ്യത്തിനകത്ത് പലതവണ ശബ്ദം ഉയര്‍ന്നിരുന്നെങ്കിലും പരസ്യവിമര്‍ശനവുമായി ഒരു പാര്‍ട്ടി നേതാവ് രംഗത്ത് എത്തുന്നത് ആദ്യമാണ്.
കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വഞ്ചിച്ചെന്നും മുന്‍യുപി മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് തുറന്നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ തങ്ങളുടെ പാര്‍ട്ടി നേതാക്കളെ ചര്‍ച്ചയ്ക്ക് അയക്കില്ലായിരുന്നു. എസ്പിക്ക് ആറ് സീറ്റുകള്‍ പരിഗണിക്കുന്നുണ്ടെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ ഒരു സീറ്റു പോലും നല്‍കിയില്ല. അതുകൊണ്ടാണ് തങ്ങള്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിമാരായ കമല്‍നാഥും ദിഗ് വിജയ് സിങും തമ്മില്‍ എസ്പി നേതാക്കള്‍ പുലര്‍ച്ചെ ഒരു മണിവരെ ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്ത് സഖ്യമില്ലെങ്കില്‍ പിന്നെ എന്തിനായിരുന്നു ചര്‍ച്ചകള്‍. കോണ്‍ഗ്രസ് മറ്റുപാര്‍ട്ടികളെ വിഡ്ഢികളാക്കുകയാണ്. കോണ്‍ഗ്രസ് വഞ്ചിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു. കോണ്‍ഗ്രസിന്റെ ചെറിയ നേതാക്കള്‍ എസ്പിയെക്കുറിച്ച് സംസാരിക്കരുത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് എസ്പി പുനര്‍ചിന്തനം നടത്തും. കോണ്‍ഗ്രസ് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ തിരിച്ചും പെരുമാറുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും എസ്പിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ എസ്പിക്കുവേണ്ടി സീറ്റ് വിട്ടുനല്‍കിയിരുന്നില്ല. തുടര്‍ന്ന് എസ്പിയും സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ വാക്ക്പോരാണ് സഖ്യത്തിലെ വിള്ളലും ഐക്യമില്ലായ്മയും പരസ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: