കുന്നംകുളം: ആയിരത്തഞ്ഞൂറു മീറ്ററിലെ നാലു ഫൈനലില്‍ മൂന്നിലും സ്വര്‍ണം നേടി പാലക്കാടിന്റെ മുന്നേറ്റം. ഒന്നില്‍ എറണാകുളത്തിനാണ് സ്വര്‍ണം. ജൂനിയര്‍ പെണ്, ആണ്, സീനിയര്‍ ആണ്‍കുട്ടികള്‍ എന്നിവയിലാണ് പാലക്കാട് സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളിലാണ് എറണാകുളത്തിന്റെ സ്വര്‍ണനേട്ടം.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദ്യ കലാധര്‍ നാലു മിനിറ്റ് 57.85 സെക്കന്‍ഡിലാണ് പൊന്നണിഞ്ഞത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മീറ്റില്‍ 200, 400, 600 മീറ്ററുകളില്‍ സ്വര്‍ണം നേടിയ പ്രതിഭയാണ് നിവേദ്യ. ഈ വര്‍ഷമാണ് മധ്യദൂര ഓട്ടത്തിലേക്ക് കൂടുമാറിയത്. തുടക്കത്തില്‍ പിന്നിലായിരുന്ന ഈ ഒന്‍പതാം ക്ലാസുകാരി അവസാന ലാപ്പില്‍ നടത്തിയ ഉജ്ജ്വല കുതിപ്പാണ് സ്വര്‍ണത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം 400 മീറ്ററില്‍ നാലാം സ്ഥാനത്തായിപ്പോയതിന്റെ ദുഃഖവും ഈ മിടുക്കി മായ്ച്ചുകളഞ്ഞു. തേങ്കുറിശ്ശി കരിപ്പാംകുളങ്ങര സഞ്ജു നിവാസില്‍ ശാന്തിയുടെ മകളാണ്. തൃശ്ശൂരിലെ ഒരു ആശ്രമത്തില്‍ ജോലി ചെയ്യുകയാണ് അമ്മ. ആര്. അജയകുമാറാണ് പരിശീലകന്. ആലപ്പുഴ കലവൂര്‍ ജിഎച്ച്എസ്എസിലെ അശ്വിദി അനില്‍കുമാര്‍ വെള്ളിയും ഇടുക്കി കാല്‍വരിമൗണ്ട് സിഎച്ച്എസിലെ അലീന സജി വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കല്ലടി എച്ച്എസിലെ എം. അമൃതാണ് നാലു മിനിറ്റ് 08.80 സെക്കന്‍ഡില്‍ പൊന്നണിഞ്ഞത്. പാലക്കാട് നെന്മാറ ചേരാമംഗലം പഴതറ വീട്ടില്‍ ലോറി ഡ്രൈവറായ മോഹനന്റെയും പുഷ്പലതയുടെയും മകനാണ്. മലപ്പുറം മഞ്ചേരി സ്വദേശിയായ കെ. മുഹമ്മദ് നവാസാണ് പരിശീലകന്. ഈയിനത്തില്‍ വെള്ളിയും പാ
ലക്കാടിനാണ്. പനങ്ങാട്ടിരി ആര്‍പിഎംഎച്ച്എസിലെ എം. അതുലാണ് വെള്ളി സ്വന്തമാക്കിയത്. മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ മുഹമ്മദ് അമീന് വെങ്കലം നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. ബിജോയ് ജേതാവായി. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ വിജയിച്ച ബിജോയ്യുടെ ഡബിളാണ് ഈ സ്വര്‍ണം. 4 മിനിറ്റ് 01.91 സെക്കന്‍ഡിലാണ് ബിജോയ് ഫിനിഷ് ചെയ്തത്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്. ചിറ്റൂര്‍ തമ്പാലത്തറയില് ചെത്ത് തൊഴിലാളിയായ ജയശങ്കറിന്റെയും റീനയുടെയും മകനാണ്. പാലക്കാടിന്റെ തന്നെ കല്ലടി സ്കൂളിലെ മുഹമ്മദ് മഷ്ഹൂദ് വെള്ളിയും മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ മുഹമ്മദ് സ്വാലിഹ്. കെ വെങ്കലവും നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ വിജയിച്ച് കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ സി.ആര്. നിത്യയും ഇരട്ട സ്വര്‍ണം സ്വന്തമാക്കി. നാലു മിനിറ്റ് 50.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ ദിനം 3000 മീറ്ററിലും നിത്യ വിജയിച്ചിരുന്നു. മലപ്പുറം കടശ്ശേരി ഐഡിയല്‍ സ്കൂളിന്റെ ജെ.എസ്. നിവേദ്യ 4 മിനിറ്റ് 59.61 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ വി. അഞ്ജന 5 മിനിറ്റ് 08.72 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: