തിരുവനന്തപുരം: തലസ്ഥാനത്തെ നൈറ്റ്ലൈഫ് ആസ്വദിക്കാനെത്തിയ സംഘം മാനവീയം വീഥിയിലെ വൈദ്യുത വിളക്കുകളും ടൈലുകളും അടിച്ചുതകര്‍ത്തു. കുടുംബത്തോടൊപ്പം നൈറ്റ്ലൈഫ് ആഘോഷിക്കാമെന്ന പേരില്‍ കോടികള്‍ ചെലവഴിച്ചാണ് മാനവീയം വീഥി പുതുക്കിപ്പണിതത്. ഇതാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്.
നൈറ്റ്ലൈഫിന്റെ മറവില്‍ പാട്ടും ഡാന്‍സുമായി എത്തിയ സംഘമാണ് മാനവീയം വീഥി നശിപ്പിച്ചതെന്നാണ് സൂചന. കലാപ്രദര്‍ശനത്തിനുള്ള ബോര്‍ഡ്, പാകിയിരുന്ന ഉരുളന്‍ കല്ലുകള്‍, വെറിയര്‍ ലൈറ്റ്, ചെടികള്‍ എന്നിവയാണ് നശിപ്പിച്ചത്. കഴിഞ്ഞ മാസമാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് റോഡ് തുറന്നുകൊടുത്തത്.
ഈ മാസം അവസാനം ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരിക്കുകയാണ്. പോലീസ് ആസ്ഥാനത്തുനിന്നും വിളിപ്പാടകലെയാണ് മാനവീയം വീതി. മാത്രമല്ല മ്യൂസിയം സ്റ്റേഷന്റെ തൊട്ടടുത്തും. കൂടാതെ പോലീസ് എയ്ഡ്പോസ്റ്റടക്കം ഉള്ളിടത്താണ് അക്രമം ഉണ്ടായത്. ഏതാനും ദിവസം മുമ്പാണ് മാനവീയം വീഥി കാണാനെത്തിയ കുടുംബത്തെ ഒരു സംഘം ആക്രമിച്ചത്. സ്ത്രീകള്‍ക്കുള്‍പ്പെടെ അന്ന് പരിക്കേറ്റു. പോലീസിന്റെ മുന്നില്‍ വച്ചും അക്രമം ഉണ്ടായി. അതിനുശേഷമാണ് പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചത്.
ഏറെക്കാലമായി മാനവീയം വീഥിയില്‍ കലാകാരന്മാര് ചമഞ്ഞ് ലഹരി, സാമൂഹ്യവിരുദ്ധ സംഘം തമ്പടിക്കുന്നുണ്ട്. ഇവരില്‍ നിന്നും നിരവധി തവണ മയക്കുമരുന്നുകളും മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിസംഘത്തിന്റെ മുഖ്യ വ്യാപാര കേന്ദ്രമായി മാനവീയം വീഥിയെ മാറ്റിയിട്ടും പോലീസ് കാര്യമായ നടപടി എടുത്തിരുന്നില്ല. ഇതോടെ മാനവീയം വീഥിയില്‍ നിന്നും കുടുംബങ്ങളും അകന്നു. എന്നാല്‍ മാനവീയം വീഥി പുതുക്കി പണിതതോടെ നിരവധി പേര് രാത്രിസമയം ചെലവഴിക്കാനായി മാനവീയം വീഥിയിലെത്തുന്നുണ്ട്. അക്രമിസംഘങ്ങള്‍ തമ്പടിച്ചതോടെ വീണ്ടും മാനവീയം വീഥി വീണ്ടും സാമൂഹ്യവിരുദ്ധകേന്ദമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: