ഹൈദരാബാദ്: എല്ലാമെല്ലാമായ പാര്‍ട്ടി അധ്യക്ഷന്‍ ജയിലില്‍. മറ്റ് പ്രധാന നേതാക്കളെല്ലാം അദ്ദേഹത്തെ ജയിലില്‍ നിന്നു പുറത്തു കൊണ്ടുവരാനുള്ള തിരക്കില്‍. മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുമാവുന്നില്ല…തെലുങ്കു ദേശം പാര്‍ട്ടിയുടെ തെലങ്കാന ഘടകത്തിന്റെ അവസ്ഥ ഇങ്ങനെ. നവംമ്പര്‍ മുപ്പതിനാണ് തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
ആന്ധ്രയിലെ അഴിമതിക്കേസില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ജയിലിലായത് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ലോകേഷ് അടക്കമുള്ള നേതാക്കള്‍ നായിഡുവിനെ ജയിലില്‍ നിന്നു രക്ഷിക്കാനുള്ള നിയമ നടപടികളുമായി ഓട്ടത്തിലാണ്. വെട്ടിലായത് പാര്‍ട്ടി തെലങ്കാന ഘടകം പ്രസിഡന്റ് കസാനി ജ്ഞാനേശ്വര്‍. 88 സ്ഥാനാര്‍ഥികളുടെ പട്ടികയുമായി, എന്തു ചെയ്യണം എന്നറിയാതെ ആശങ്കയിലാണ് ജ്ഞാനേശ്വര്‍. ആന്ധ്രയിലേക്കു വിളിച്ചിട്ടു കാര്യമില്ല, കാത്തിരിക്കൂ, നായിഡുവിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെ എന്ന ഒറ്റ ഉത്തരമാണ് ലഭിക്കുന്നത്.
പ്രശസ്ത തെലുങ്കു നടനും നായിഡുവിന്റെ ഭാര്യാ സഹോദരനുമായ നന്ദമുരി ബാലകൃഷ്ണ അടുത്തിടെ ജ്ഞാനേശ്വര്‍ അടക്കമുള്ള തെലങ്കാനയിലെ ടിഡിപി നേതാക്കളുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക തീരുമാനം വരുന്നതു വരെ കാത്തിരിക്കൂ എന്നാണ് അദ്ദേഹവും നല്കുന്ന ഉപദേശം.
രവുല ചന്ദ്ര ശേഖര്‍ റെഡ്ഡി അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് ബക്കിനി നരസിംഹലു വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ദേശീയ പദവി നിലനിര്‍ത്താന്‍ തെലങ്കാനയില്‍ ടിഡിപിക്ക് മത്സരിച്ചേ തീരൂ. ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനുള്ള സാധ്യതയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. പിന്നീട് ഈ സഖ്യം ആന്ധ്രയിലും ആവര്‍ത്തിക്കാനാവും എന്നാണ് ടിഡിപി നേതാക്കളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: