തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി, റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
ഇന്നു രാവിലെ 6.30നാണ് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ വഴികളും പ്രതിഷേധക്കാർ ഉപരോധിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയാണ് സെക്രട്ടേറിയറ്റിൽ എത്തിച്ചിരിക്കുന്നത്. 14ഡിവൈഎസ്പിമാര്‍ക്കാണ് ക്രമസമാധാന ചുമതല. സെക്രട്ടേറിയറ്റിലേക്കുള്ള വഴികളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 1500-ഓളം പോലീസുകാരെ സുരക്ഷയ്ക്കായി നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹന പാര്‍ക്കിങ്ങിന് ഉള്‍പ്പടെയുള്ള നിർദേശങ്ങൾ പോലീസ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം.ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയും പോലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം.സി ദത്തനെ പോലീസ് കടത്തിവിട്ടത്. ബാരിക്കേഡ് കടത്തി വിട്ട ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ദത്തൻ തട്ടി കയറി.
സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് വി.ഡി സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: