അടൂര്‍: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 100 വര്‍ഷം ശിക്ഷ ലഭിച്ച പ്രതിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മറ്റൊരു പോക്സോ കേസില്‍ 104 വര്‍ഷം തടവ്. മുമ്പ് പീഡിപ്പിച്ച മൂന്നരവയസ്സുകാരിയുടെ സഹോദരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) 104 വര്‍ഷം തടവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ ശിക്ഷിച്ചത്.
4,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയിലുണ്ട്. ഈ കേസില്‍, വിനോദിന്റെ അടുത്ത ബന്ധുവും രണ്ടാംപ്രതിയുമായ സ്ത്രീയെ കോടതി താക്കീതുചെയ്ത് വിട്ടയച്ചു. സംഭവം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നതായിരുന്നു സ്ത്രീയുടെ പേരിലുള്ള കുറ്റം.
പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന് രണ്ടുമാസത്തിനുശേഷം, രണ്ടാംക്ലാസില്‍ പഠിക്കുന്ന എട്ടുവയസ്സുകാരിക്ക് അമ്മ, ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവെ, ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്കി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും ഉണ്ടായ പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടര്‍ന്നാണ് അടൂര്‍ പോലീസിനെ സമീപിച്ചതും കേസെടുത്തതും. 2021ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. സ്മിതാജോണ്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: