ചെറുതുരുത്തി: വിദ്യാര്‍ഥികള്‍ക്ക് പാചകം ചെയ്തു നല്കിയ ഉച്ചഭക്ഷണത്തില്‍ നിറയെ ചെള്ള്. കൊണ്ടാഴി പ്ലാന്റേഷന് എഎല്‍പി സ്കൂളിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുട്ടികള്‍ക്ക് വൃത്തിഹീനമായ ഉച്ചഭക്ഷണം നല്‍കിയത്. ഈ മാസം ആദ്യത്തോടെയാണ് പ്രശ്നം പിടിഎയുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വടക്കാഞ്ചേരി ഉച്ചഭക്ഷണ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി.
കുട്ടികള്‍തന്നെയാണ് ഭക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ഡിഇഒ സോണിഎബ്രഹാം അറിയിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലും സ്കൂളിലെത്തി പരിശോധന നടത്തിയിരുന്നു. സപ്ലൈകോയില്‍നിന്നും ചാക്കിലെത്തിച്ച അരിയ്ക്ക് കുഴപ്പമില്ലെന്നു കണ്ടെത്തിയെങ്കിലും, സ്റ്റോര്‍റൂമില്‍ മുമ്പ് ഉണ്ടായിരുന്ന പഴയ അരിയോടൊപ്പം വച്ചതാണ് പ്രശ്നത്തിന് കാരണമായതെന്നും കണ്ടെത്തിയിട്ടുണ്ട്. അരി പാകം ചെയ്യുന്നതിനുമുന്പ് വൃത്തിയായി കഴുകുന്നില്ലെന്നും, പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന ഡോ. വി.സി. ദീപ നിരുത്തരവാദപരമായ നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന് മിക്ക കുട്ടികളും ഇപ്പോള്‍ ഉച്ച ഭക്ഷണം വീട്ടില്നിന്നുമെത്തിച്ചാണ് കഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: