ധര്‍മ്മശാല: തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ജയത്തിനായി ദക്ഷിണാഫ്രിക്ക ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ. റിക്കാര്‍ഡ് സ്‌കോര്‍ നേടിക്കൊണ്ട് ശ്രീലങ്കയ്‌ക്കെതിരെ തുടങ്ങിയ വിജയക്കുതിപ്പ് രണ്ടാം മത്സരത്തിലും ആവര്‍ത്തിച്ചു. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് 134 റണ്‍സിന്. കരുത്തന്‍ നിരയ്‌ക്കെതിരായ മികച്ച വിജയത്തിലൂടെ തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ പടയ്‌ക്ക് ആത്മവിശ്വാസം ഇരട്ടിച്ച് നില്‍ക്കുകയാണ്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചന പ്രകടമാക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ ലോകകപ്പിലെ റിക്കാര്‍ഡ് സ്‌കോറായ 428 റണ്‍സിലേക്കെത്തിയത് ക്വിന്റണ്‍ ഡി കോക്ക്, റസീ വാന്‍ ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ നേടിയ സെഞ്ചുറി ബലത്തിലാണ്. രണ്ടാം മത്സരത്തിലും ഡി കോക്ക് സെഞ്ചുറിയുമായി കളം നിറഞ്ഞു. മറ്റ് രണ്ട് പേരും കിട്ടിയ അവസരത്തില്‍ മികവ് കാട്ടിയാണ് മടങ്ങിയത്.
ടീം ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റും സുസജ്ജമാണ്. ഓസീസിനെതിരെ ലുങ്കി എന്‍ജിഡി കാഗിസോ റബാഡ കേശവ് മഹാരാജ് എന്നിവരെല്ലാം തകര്‍പ്പന്‍ ഏറാണ് കാഴ്‌ച്ചവച്ചത്. ഓള്‍റൗണ്ട് ഗെയിം എന്ന മുന്‍കാല കരുത്തിലേക്ക് ദക്ഷിണാഫ്രിക്ക തിരികെയെത്തിയോ എന്ന് ഇനിയും സംശയമാണ്. അത് മാറ്റിയെടുക്കാന്‍ ഇന്നത്തേതടക്കമുള്ള മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ.
മറുവശത്ത് ഡച്ച് പട കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 13 റണ്‍സിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട് എഡ്വാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള നെതര്‍ലന്‍ഡ്‌സ് ടീമില്‍ അന്നത്തെ അതേ താരങ്ങള്‍ ഇപ്പോഴുമുണ്ട്. കളി ഏകദിനമാണെന്ന വ്യത്യാസമേ ഉള്ളൂ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡൂസന്‍ വന്നിട്ടുണ്ട്. ബാക്കി പ്രബലതാരങ്ങള്‍ക്കെതിരെയാണ് ട്വന്റി20 ലോകകപ്പില്‍ ഡച്ച് ടീം ജയിച്ചത്. അന്നത്തെ പ്രചോദനത്തില്‍ ഇന്നിറങ്ങുമ്പോള്‍ 13-ാം ലോകകപ്പില്‍ രണ്ടാമതൊരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: