ചിറക്കടവ്: ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യുപയോഗിച്ച് ചിറക്കടവ് ക്ഷേത്രത്തിലും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും നെയ്യാട്ട്(നെയ്യഭിഷേകം) ചൊവ്വാഴ്ച നടത്തും. ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ രാജവംശത്തിന് ചിറക്കടവില്‍ അധികാരമുണ്ടായിരുന്ന കാലത്ത് തുടങ്ങിയ ആചാരമാണിത്.
തുലാസംക്രമ മുഹൂര്‍ത്തമായ രാത്രി 1.31ന് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലും നെയ്യാട്ട് നടത്തും.ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ ഭക്തര്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം നെയ്യ് സമര്‍പ്പിക്കും. 5.30ന് ഇതില്‍ നിന്ന് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലേക്കുള്ള വിഹിതം മേല്‍ശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരി സബ്ഗ്രൂപ്പ് ഓഫീസര്‍ അശോക് കുമാറിനും ഉപദേശകസമിതി ഭാരവാഹികള്‍ക്കും കൈമാറും.
തുടര്‍ന്ന് ചെങ്ങന്നൂരിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകും. നേദ്യത്തിനായി ഓരോ പറ അവല്‍, മലര്‍ എന്നിവയും ശര്‍ക്കര, കദളിക്കുല, ഉണക്കലരി, മുന്തിരി, കല്‍ക്കണ്ടം, നാളികേരം, ദേവീദേവന്മാര്‍ക്ക് ഉടയാടകള്‍ എന്നിവയുമുണ്ടാവും. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ തന്ത്രി കണ്ഠര് മോഹനരരും ദേവസ്വംബോര്‍ഡധികൃതരും ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: