ഹനോയ്: വിയറ്റ്നാമില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനാച്ഛാദനം ചെയ്തു. ഹനോയിയിലെ ബാക് നിന് നഗരത്തിലാണ് ടാഗോര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഭാരതവും വിയറ്റ്നാമും ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള അഗാധമായ ചരിത്രബന്ധമുണ്ട്.
അത് ബുദ്ധമതത്തിന്റെ പൈതൃകത്തില്‍ വേരൂന്നിയതാണെന്നും ചടങ്ങില്‍ ജയശങ്കര്‍ പറഞ്ഞു. ബാക്നിന് പ്രവിശ്യ ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിയറ്റ്നാമിലേക്ക് ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ ഭാരതത്തിലെ സംന്യാസ ശ്രേഷ്ഠര്‍ പ്രധാന പങ്ക് വഹിച്ചതായി ചരിത്ര രേഖകളില്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
രവീന്ദ്രനാഥ ടാഗോറിന്റെ കൃതികള്‍ വിയറ്റ്നാമിലുടനീളം അംഗീകരിക്കപ്പെടുകയും വിയറ്റ്നാമീസ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നറിഞ്ഞു. 2001ല്‍ ടാഗോറിന്റെ ഗീതാഞ്ജലി വിയറ്റ്നാമിസിലേക്ക് വിവര്‍ത്തനം ചെയ്യുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നറിയുന്നത് തീര്‍ച്ചയായും സന്തോഷകരമാണ്. അദ്ദേഹത്തോട് കാണിക്കുന്ന ആദരവില്‍ ബഹുമാനിക്കുന്നു, ജയശങ്കര്‍ പറഞ്ഞു.
ടാഗോറിന്റെ പ്രതിമ സ്ഥാപിക്കാന്‍ പിന്തുണ നല്കിയ ബാക്നിന് പ്രവിശ്യയിലെ നേതൃത്വത്തിനോട് നന്ദി അറിയിക്കുന്നതായും ഇത് ബാക് നിന് പ്രവിശ്യയുടെ അന്താരാഷ്ട്ര പ്രസക്തി വര്‍ധിക്കുമെന്നും ഭാരതവുമായുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് വിദേശകാര്യമന്ത്രി വിയറ്റ്നാമിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: