അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് തകര്‍ത്തത്. വിജയലക്ഷ്യമായ 192 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. 30.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
ശ്രേയസ് അയ്യര്‍ 62 പന്തില്‍ പുറത്താകാതെ 53 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 29 പന്തില്‍ പുറത്താകാതെ 19 റണ്‍സുമെടുത്തു.
വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച രോഹിത് ശര്‍മ്മ 86 റണ്‍സെടുത്ത് പുറത്തായി. ഷഹിന്‍ ഷാ അഫ്രീദി തന്ത്രപരമായി പേസ് കുറച്ചെറിഞ്ഞ പന്തില്‍ ഇഫ്തിക്കര്‍ അഹമ്മദിന് ക്യാച്ച് നല്കി പുറത്താവുകയായിരുന്നു. ഇതിനിടെ ഏകദിനത്തില്‍ രോഹിത് 300 സിക്സും നേടി. രോഹിതിന്റെ ഇന്നിംഗസില്‍ ആറ് സിക്സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നു.
ശുഭ്മാന്‍ ഗില്‍ 11 പന്തില്‍ പതിനാറ് റണ്‍സ് നേടി നില്‍ക്കെ അഫ്രീദിയുടെ പന്തില്‍ ഷദാബ് ഖാന് പിടിച്ച് പുറത്തായി. വിരാട് കോഹ് ലി 16 റണ്‍സെടുത്ത് ഹസന് അലിയുടെ പന്തില്‍ പുറത്തായി.
ജസ്പ്രീത് ബുറയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴോവറില്‍ ഒരു മെയിഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. പിന്നീട് ബാബര്‍ അസം മുഹമ്മദ് റിസ്വാന് കൂട്ടുകെട്ട് മികച്ച രീതിയില്‍ ബാറ്റു വീശി. ഈ കൂട്ടുകെട്ട് സന്ദര്‍ശകരെ മികച്ച ടോട്ടലിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിറാജും ബുംറയും ഇരുവരെയും വീഴ്ത്തിയതോടെ കളി മാറി.
58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി സഹിതമാണ് ബാബറിന്റെ 50 റണ്‍സ്. 69 പന്തില്‍നിന്ന് ഏഴു ബൗണ്ടറിയോടെയാണ് റിസ്വാന്റെ 49 റണ്‍സ്.
20 റണ്‍സെടുത്ത ഓപ്പണര്‍ അബ്ദുളള ഷഫീഖിനെ സിറാജും 36 റണ്‍സെടുത്ത ഇമാം ഉള് ഹഖിനെ ഹാര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 35 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുറ രവീന്ദ്ര ജഡേജ , സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി സി സി ഐ സെക്രട്ടറി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് പദവികള്‍ വഹിക്കുന്ന മകന് ജയ് ഷായും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: