തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ തക്കല പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും തിരുവനന്തപുരത്തെ നവരാത്രി ആരാധനയ്ക്കായി കൊണ്ടു വരുന്ന വിഗ്രഹങ്ങള്‍ ശനിയാഴ്ച സന്ധ്യയോടെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് മുന്നിലെത്തും. തുടര്‍ന്ന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
വിഗ്രഹഘോഷയാത്രയ്ക്കൊപ്പം എത്തിച്ചേരുന്ന തേവാരക്കെട്ട് സരസ്വതി ദേവിയെ പത്മതീര്‍ത്ഥക്കുളത്തിലെ ആറാട്ടിന് ശേഷം സമീപത്തെ നവരാത്രമണ്ഡപത്തില് പ്രതിഷ്ഠിക്കും.തുടര്‍ന്ന് വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഇപ്പോള്‍ കരമന വിശ്രമിക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ച് മണിയോടെ വീണ്ടും പുറപ്പെടും.
വഴിനീളെ ഭക്തരുടെ സ്വീകരണം ഏറ്റുവാങ്ങിയാകും ഘോഷയാത്ര നടക്കുക. നാളെ മുതല്‍ വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തിയ ക്ഷേത്രങ്ങളില്‍ ദര്‍ശനമുണ്ടാകും.
കളിഞ്ഞ ദിവസം കേരള അതിര്‍ത്തിയില്‍ ഘോഷയാത്രയ്ക്ക് പ്രൗഢഗംഭീര സ്വീകരണം നല്കി. കളിയിക്കാവിളയില്‍ വിഗ്രഹങ്ങള്‍ക്ക് കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. നവരാത്രി ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായി വനിതാ പൊലീസ് വിഭാഗവും ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും വിഗ്രഹഘോഷയാത്രയില്‍ ഒരുക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തിയ വിഗ്രഹങ്ങള്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിയിക്കാവിളയിലെത്തിയത്. വൈകിട്ടോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്തുകയും ശനിയാഴ്ച രാവിലെ തിരുവനന്തപുരം നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യുകയായിരുന്നു.
കളിയിക്കാവിളയിലെ സ്വീകരണ ചടങ്ങില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, കന്യാകുമാരി അസിസറ്റന്റ് കളക്ടര്‍ എന്നിവരും റവന്യൂ, ദേവസ്വം, പൊലീസ് അധികൃതരും സന്നിഹിതരായിരുന്നു.
നവരാത്രി ആഘോഷത്തോടൊപ്പം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്പശി ഉത്സവവും നടക്കുകയാണെന്ന് പ്രത്യേകതയും ഇത്തവണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: