ഡോ. ബിന്‍സ് എം. മാത്യു
‘പുണ്യഭൂമിയായ ജെറുസലേമിന് ഒരിക്കലും സമാധാനം ഉണ്ടാകുവാന്‍ പോകുന്നില്ല’. 1948 ല്‍ ഇസ്രായേല്‍ രൂപംകൊണ്ട വേളയില്‍ ഐക്യരാഷ്ട്രസഭയിലെ സിറിയയുടെ പ്രതിനിധിയുടെ വാക്കുകള്‍ ഒരു അശുഭമേഘം പോലെ ഇസ്രായേലിന്റെ ആകാശത്ത് എല്ലാക്കാലത്തും തളം കെട്ടി നില്ക്കുന്നുണ്ടായിരുന്നു. ആധുനിക ചരിത്രത്തിന്റെ ഗ്യാസ് ചേമ്പറുകളില്‍ യഹൂദന്റെ നിലവിളിയുണ്ട്. കൂട്ടക്കുരുതികളുടെയും വംശഹത്യകളുടെയും കനലില്‍ കുരുത്തതാണ് ഓരോ യഹൂദ മനസും. ആന്റീ സെമിറ്റിസം എന്ന യഹൂദ വിദ്വേഷം യൂറോപ്പില്‍ ഒരുകാലത്ത് പകര്‍ച്ചവ്യാധിപോലെയാണ് പടര്‍ന്നത്. ഇന്ന് സയണിസ്റ്റ് ഭീകരത എന്ന പേരില്‍ പാലസ്തീന് അനുകൂല തരംഗം ഉണ്ടാക്കിയെടുക്കുന്നതില്‍ ഒരു വിഭാഗം വിജയിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍- സിനിമ സമൂഹമാധ്യമങ്ങള്‍-സാഹിത്യം ഇവയിലൂടെ സാംസ്കാരിക മണ്ഡലത്തില്‍ ഇസ്രായേല്‍ വിരുദ്ധത നിലനില്‍ക്കുന്നുണ്ട്. പാലസ്തീനിലെ തീവ്രവാദ പ്രസ്ഥാനങ്ങളെ കൊഞ്ചിച്ചു വളര്‍ത്തിയതില്‍ ചെറുതല്ലാത്ത പങ്ക് സോവിയറ്റ് യൂണിയനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് പ്രണയികള്‍ക്കും പാലസ്തീന് വിപ്ലവത്തിന്റെ മറ്റൊരു പേരായിരുന്നു.
പക്ഷേ ചരിത്രത്തിലുടനീളം ഏറ്റുവാങ്ങിയ അഗ്നിപരീക്ഷകളായിരുന്നു യഹൂദന്റെ കരുത്ത്. കേരളത്തിന്റെ അത്ര പോലും വലിപ്പമില്ലാത്ത ഈ കുഞ്ഞന്‍ രാഷ്ട്രം ലോകത്തിന്റെ ബൗദ്ധിക കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലുള്ള ഏതു ജനതയും രാഷ്ട്രവും കണ്ടുപഠിക്കേണ്ടതാണ് യഹൂദന്റെ കര്‍മ്മശേഷിയും അധ്വാനശേഷിയും. മരുഭൂമിയിലെ വെറും തരിശിനെ പച്ചപ്പണിയിച്ചപ്പോഴും, ഉന്നതമായ ഗവേഷണ പദ്ധതികളിലൂടെ തങ്ങളെത്തന്നെ ബൗദ്ധിക ശേഷികൊണ്ട് സമ്പന്നമാക്കിയപ്പോഴും രണ്ട് ബോംബ് സ്ഫോടനങ്ങള്‍ക്കിടയിലെ നിശബ്ദത മാത്രമായിരുന്നു ആ സമൂഹത്തിന്റെ സ്വാസ്ഥ്യം. ജനക്കൂട്ടങ്ങള്‍ക്കിടയില്‍ വന്ന് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ചാവേറിന്റെ അനശ്ചിതത്വങ്ങളും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെയും മിസൈല്‍ മുനകള്‍ തങ്ങള്‍ക്കുനേരെയാണ് ചുണ്ടിനില്‍ക്കുന്നത് എന്ന പേടികളെയും വേണ്ടെന്നുവച്ച് അവര്‍ രചിച്ചതൊക്കെ ഇതിഹാസങ്ങളാണ്.
ഒന്നാം ഇസ്രയേല്‍ – അറബ് യുദ്ധം
1948 മെയ് 14 നാണ് ഇസ്രായേല്‍ ഒരു സ്വതന്ത്ര രാജ്യമായത്. അതേ വര്‍ഷം ജൂണ്‍ ഏഴാം തീയതി ബാലാരിഷ്ടതകള്‍ പോലും മാറിയിട്ടില്ലാത്ത രാഷ്ട്രത്തിന് നേരെ ചുറ്റുപാടുമുള്ള അറബ് രാഷ്ട്രങ്ങളുടെ യുദ്ധപ്രഖ്യാപനം വന്നു. ഇസ്രായേല്‍ പതറിയില്ല. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധം തീര്‍ന്നു കഴിഞ്ഞപ്പോഴേക്കും അറബികളുടെ കുറേയേറെ മണ്ണ് ഇസ്രായേലിന്റെ കൈവശമായിക്കഴിഞ്ഞിരുന്നു. ആ പോരാട്ടവീര്യത്തിന്റെ രത്നച്ചുരുക്കം അതായിരുന്നു.
സൂയസ് യുദ്ധം
നമ്മള് നമ്മളുടെ ക്ഷേമത്തിനായി ഇവിടെ പോരാടും. ഈ പോരാട്ടം മാനവരാശിയുടെ മൊത്തം ക്ഷേമത്തിനായി ഭവിക്കും. യഹൂദ രാഷ്ട്രം എന്ന സങ്കല്പം ആദ്യമായി മുമ്പോട്ടുവച്ച തിയഡോര്‍ ഹേര്ഷല് തന്റെ ദി ജൂയിഷ് സ്റ്റേറ്റ് എന്ന പ്രബന്ധത്തിന്റെ ഉപസംഹാരത്തില്‍ പറഞ്ഞ വാക്കുകളാണിത്. അങ്ങനെയാണെങ്കില്‍ ഇസ്രായേല്‍ നേരിട്ട രണ്ടാമത്തെ യുദ്ധം മാനവരാശിയുടെ പ്രത്യേകിച്ച് ഏഷ്യയുടെ നന്മയ്ക്ക് കൂടിയായിരുന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തെയും യൂറോപ്യന്‍ ഭൂഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന സുപ്രധാന ജലപാതയാണ് സൂയസ് കനാല്‍. 60 കിലോമീറ്റര്‍ നീളമുള്ള കനാല്‍, പ്രസിഡന്റ് ആയിരുന്ന ജമാല്‍ അബ്ദുള്‍ നാസര്‍ ഈജിപ്തിന്റെ സ്വന്തമാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള ചരക്കുഗതാഗതം നിരോധിച്ചു. 1956ല്‍ സൂയസ് കനാല്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം നീങ്ങി. അവര്‍ പെട്ടെന്നു തന്നെ ഈജിപ്തിന്റെ പ്രതിരോധ നിര തകര്‍ത്തു
ആറ് ദിവസ യുദ്ധം
യുദ്ധ ചരിത്രത്തില്‍ തന്നെ മഹാവിസ്മയങ്ങളില്‍ ഒന്നാണ് ആറു ദിവസ യുദ്ധം. ഒരുവശത്ത് സിറിയയും അറബ് രാഷ്ട്രങ്ങളും. തങ്ങളുടെ രാഷ്ട്രത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രതിലോമ ശക്തികള്‍ മറുവശത്ത് സര്‍വ്വസന്നാഹങ്ങളും അറബികള്‍ക്ക് നല്കിയ സോവിയറ്റ് യൂണിയനും. ഇസ്രായേലിന് ശക്തി പകര്‍ന്നു അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും. ലോക മഹായുദ്ധത്തിനുള്ള സര്‍വ്വ സാധ്യതകളും ഉണ്ടായിരുന്നു. ഇസ്രായേലിനെ പ്രകോപിപ്പിച്ചുകൊണ്ട് ഇസ്രായേലിന്റെ കടല്‍ മാര്‍ഗ്ഗമുള്ള വാണിജ്യത്തിന്റെ നല്ലൊരു പങ്കു നടക്കുന്ന ടിറാന്‍ കടലിടുക്ക് സിറിയ അടച്ചു. 1967 ജൂണ്‍ 5ന് ഇസ്രായേല്‍ യുദ്ധം തുടങ്ങി. പിന്നെ അറേ യാറു ദിനങ്ങള്‍. ആറാംദിനം സമാധാന ഉടമ്പടി. ഏഴാംദിനം വിശ്രമം.
യോംകിപ്പൂര്‍ യുദ്ധം
കഴിഞ്ഞദിവസം ഹമാസ് നടത്തിയതുപോലെയുള്ള അപ്രതീക്ഷിതമായ ഒരു നീക്കം 1973ല്‍ ഇസ്രായേല്‍ നേരിടേണ്ടി വന്നു. അതാണ് ചരിത്രപ്രസിദ്ധമായ യോംകിപ്പൂര്‍ യുദ്ധം. യഹൂദന്മാരുടെ പ്രധാന ആഘോഷങ്ങളിലൊന്നായ യോം കിപ്പൂര്‍ നടക്കുകയായിരുന്നു. വൈകിയും സൈനികര്‍ ആഘോഷങ്ങളില്‍ മുഴുകി. അറബ് സൈന്യം ഇസ്രായേല്‍ ബങ്കറുകള്‍ കടന്നു കയറി വെടിയുതിര്‍ത്തു. അപ്രതീക്ഷമായിട്ടുണ്ടായ ഈ യുദ്ധം ഇസ്രായേലിനെ തെല്ല് അമ്പരപ്പിച്ചു. പിന്നെ തിരിച്ചടിച്ചു തുടങ്ങി. ഡമാസ്കസ്. ഹോംസ് തര്‍ത്തൂസ്, സിറിയയുടെ വമ്പന്‍ നഗരങ്ങള്‍ക്കു മുകളിലൂടെ ഇസ്രായേല്‍ ബോംബറുകള്‍ ചീറിപ്പാഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ പൊടി പടലമായി പടര്‍ന്ന് ആകാശത്തുമുട്ടി. സീനായി പ്രദേശത്ത് കടന്നുകൂടിയ ഈജിപ്തിന്റെ സൈനികരെ ഇസ്രായേല്‍ ആക്രമിച്ചില്ല. മറ്റൊരു തന്ത്രമാണ് അവര്‍ പ്രയോഗിച്ചത്. സീനായി പ്രദേശം മുഴുവന്‍ ഇസ്രായേല്‍ സേന വളഞ്ഞു. ഭക്ഷണവും വെള്ളവും മുട്ടി മരുഭൂമിയില്‍ കിടന്ന് ഈജിപ്ഷ്യന്‍ സൈന്യം വലഞ്ഞത് കുറേ ദിവസങ്ങള്‍. ഒടുവില്‍ മധ്യസ്ഥതയിലാണ് യുദ്ധം അവസാനിപ്പിച്ചത്.
ബെയ്റൂട്ട് ഓപ്പറേഷന്
പാലസ്തീനിലെ തീവവാദികളെ പോറ്റിവളര്‍ത്തിയ രാജ്യമാണ് ലെബനന്. തീവ്രവാദികള്‍ക്കുള്ള നിരവധി പരിശീലന കേന്ദ്രങ്ങള്‍ ലെബനനിലുണ്ടായിരുന്നു. 1968ല്‍ ലെബനനില്‍ നിന്നും പരിശലനം നേടിയ തീവ്രവാദികള്‍ ഇസ്രായേലിന്റെ എല്‍.എല്‍ ജെറ്റ് വിമാനം ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ വച്ച് ആക്രമിച്ചു. തലേവര്‍ഷവും അത്തരമൊരു ആക്രമണം മറ്റൊരു വിമാനത്തിനുനേരെയും ഉണ്ടായി. 1968 ഡിസംബര്‍ 28ന് അര്‍ധരാത്രിയില്‍ ഇസ്രയേലില്‍നിന്ന് ഒരു വിമാനം ലെബനനിലെ ബെയ്റൂട്ട് വിമാനത്താവളത്തിലേക്ക് പറന്നു. സമര്‍ത്ഥരായ 40 ഇസ്രയേലി കമാന്‍ഡോകളായിരുന്നു വിമാനത്തില്‍. കമാന്‍ഡോകള്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന പതിമൂന്ന് ജെറ്റ് വിമാനങ്ങള്‍ ഡൈനാമിറ്റു വച്ച് നിലംപരിശാക്കി. ലെബനന് സൈന്യം വിമാനത്താവളത്തിലെത്തിയപ്പോഴേക്കും ദൗത്യം പൂര്‍ത്തിയാക്കി കമാന്‍ഡോകള്‍ തിരിച്ചു പറന്നിരുന്നു.
എന്റബെ ഓപ്പറേഷന്
ഹോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന സൂപ്പര്‍ സസ്പന്‍സ് ഓപ്പറേഷനായിരുന്നു ഇസ്രായേലിന്റെ എന്റബെ ഓപ്പറേഷന്. 1976 ല്‍ നിരവധി ഇസ്രായേലികള്‍ കയറിയ എയര്‍ ഫ്രാന്‍സ് വിമാനം പാലസ്തീന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വിമാനം ഇറക്കിയത് ഉഗാണ്ടയിലെ എന്റെബെ വിമാനത്താവളത്തില്‍. തീവ്രവാദികള്‍ക്ക് ഉഗാണ്ടന്‍ പ്രസിഡന്റ് ഈ ദി അമീന്റ പിന്തുണ ഉണ്ടായിരുന്നു. യാത്രക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തി വിലപേശി. ഇസ്രയേല്‍ തടവറയില്‍ കിടക്കുന്ന തീവ്രവാദികളെ മോചിപ്പിക്കുകയായിരുന്നു പ്രധാന ആവശ്യം. ഇസ്രായേല്‍ പാലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരം ഉഗാണ്ടയിലേക്ക് കമാന്‍ഡോകളെ അയച്ചു. രാത്രിയുടെ മറവില്‍ വിമാനത്താവളത്തില്‍ കയറിക്കൂടിയ കമാന്‍ഡോകള്‍ മുഴുവന്‍ റാഞ്ചികളെയും കൊന്നു. വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മരിച്ചതൊഴിച്ചാല്‍ സമ്പൂര്‍ണ്ണ വിജയമായിരുന്നു ഓപ്പറേഷന്.
അല്പം വര്‍ത്തമാനം
ചരിത്രം ഇങ്ങനെയാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഹമാസ് ആക്രമണം ഇസ്രായേലിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ലോകത്തെവിടെയും രോമം അനങ്ങിയാല്‍ പോലും അറിയുന്ന മൊസാദ്, മൂക്കിനു താഴെ നടന്ന യുദ്ധസന്നാഹങ്ങള്‍ അറിയാതെപോയി. തീവ്രവാദികള്‍ യുദ്ധതന്ത്രങ്ങള്‍ മാറ്റുന്നതിന്റെ സൂചനയായി ഇത് കാണണം. ഹ്യൂമന്‍ ഇന്റലിജന്‍സിന്റെയും സിഗ്നല്‍ ഇന്റലിജന്‍സിന്റെയും അവസാന വാക്കായ മൊസാദിനെയാണ് കബളിപ്പിച്ചിരിക്കുന്നത്. ശക്തമായ ഒരു ഗവണ്മെന്റിന്റെ അഭാവവും ഇസ്രായേലിന്റെ ദൗര്ബല്യമായിട്ടുണ്ടാവാം.
യുദ്ധങ്ങള്‍ മാനവരാശിക്ക് എതിര്
ഒരു യുദ്ധവും വിശുദ്ധമല്ല. അറബിയുടെയും യഹൂദന്റെയും കണ്ണീരിന്റെയും ചോരയുടെയും രുചി ഒന്നു തന്നെയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പശ്ചിമേഷ്യ ഉണ്ടാകണം. തീവ്രവാദികള്‍ തീപ്പന്തം കൊണ്ട് തല ചൊറിയരുത്. ഏതു രാജ്യവും പഴമയുടെ പെരുമയില്‍ മതികെട്ടുറങ്ങിയാല് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ കാലം ഏറെ വേണ്ടിവരുമെന്ന പാഠവുമുണ്ട്. ഈ ആക്രമണത്തില്‍ പശ്ചിമേഷ്യയില്‍ പൊട്ടുന്ന മിസൈലുകള്‍ കൊച്ചുകേരളത്തിലെ വീടുകളില്‍പ്പോലും പ്രകമ്പനങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഓര്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: