തിരുവല്ല: സംവരണത്തിന്റെ അന്തസ്സത്തയും ലക്ഷ്യവും ഉദ്ദേശ്യവും മാനുഷിക പരിഗണനകളും മറന്ന് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കേവലം രാഷ്‌ട്രീയലക്ഷ്യത്തിനു വേണ്ടി സംവരണ തത്വങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വ്യക്തമാക്കി.
ജാതിസംവരണത്തെ പ്രോത്സാഹിപ്പിക്കുന്നത് അനുകൂലിക്കുവാന്‍ പറ്റുന്നതല്ല. ശ്രീനാരായണ ഗുരുദേവന്‍ ‘ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്’ എന്നു പറഞ്ഞ ഈ നാട്ടില്‍ ജാതി സംവരണത്തിലൂടെ ജനങ്ങളുടെ ഇടയില്‍ പല ജാതികള്‍ സൃഷ്ടിക്കാനും സ്പര്‍ദ്ധ ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണഘടനാശില്പികളും അന്നത്തെ ഭരണാധികാരികളും ഉദ്ദേശിച്ചിരുന്നത് ഒരുസമയം കഴിയുമ്പോള്‍ സംവരണം നിര്‍ത്തേണ്ടതായിട്ടുണ്ട് എന്നുതന്നെയാണ്. ഈ കാലഘട്ടത്തില്‍ സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുന്നാക്കക്കാര്‍ വളരെ ഏറെയുണ്ട്. അവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
അതുകൊണ്ട് ജാതിസംവരണത്തിന് ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഇതു സര്‍ക്കാര്‍ കൊണ്ടുവരികയും അതുപോലെ തന്നെ സാമ്പത്തിക സംവരണം കൃത്യമായും ശക്തമായും നടപ്പിലാക്കേണ്ടതുമുണ്ട്. എങ്കില്‍ മാത്രമേ സാമൂഹികനീതി കൈവരിക്കാന്‍ സാധിക്കയുള്ളൂ. ജാതിസംവരണത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെങ്കില്‍ത്തന്നെയും, അതില്‍ കാലോചിതമായി ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പിന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടുപിടിച്ച് അവര്‍ക്കു വേണ്ട സഹായവും സംവരണവും കൊടുക്കേണ്ടത് അവശ്യമാണ്. ഇന്നിപ്പോള്‍ പിന്നാക്കക്കാരില്‍ ധാരാളം പേര്‍ സാമൂഹികമായും സാമ്പത്തികമായും തൊഴില്‍പരമായും ഔദ്യോഗിക നിലയിലുമൊക്കെ വളരെ ഉയര്‍ന്നിട്ടുണ്ട്. ഇതൊരു നല്ലകാര്യം തന്നെ. അത് സംവരണത്തിന്റെ ഗുണമാണ്. പക്ഷേ, അതുമൂലം മുന്നാക്ക സമുദായമെന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗം ആള്‍ക്കാര്‍ വളരെ പിന്നാക്കം പോയതായി കാണുന്നു.
അതുകൊണ്ട് സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.സാമ്പത്തിക സംവരണം പ്രോത്സാഹിപ്പിക്കുകയും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നാണ് സഭയുടെ അഭിപ്രായം. കാളിദാസ ഭട്ടതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക