ബ്രൂഷ്: ബെല്‍ജിയത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം എഡെന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ മതിയാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഹസാര്‍ഡ് വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചു. ദീര്‍ഘകാലം ചെല്‍സി വിങ്ങറായിരുന്ന താരം ഇക്കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലെ കാലാവധി പൂര്‍ത്തിയാക്കി ഫ്രീ ഏജന്റായി നില്‍ക്കുകായയിരുന്നു.
കഴിഞ്ഞ ഖത്തര്‍ ലോകകപ്പിന് പിന്നാലെ രാജ്യാന്തര ഫുട്‌ബോള്‍ ഹസാര്‍ഡ് മതിയാക്കിയിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ബെല്‍ജിയം പുറത്തായതിന് പിന്നാലെയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ കളി മതിയാക്കിയത്.
ഇപ്പോള്‍ 32-ാം വയസിലാണ് താരം തന്റെ കരിയര്‍ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുന്നത്.
ഒന്നരപതിറ്റാണ്ടിലേറെക്കാലം ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരുന്ന താരം 700ലേറെ മത്സരങ്ങള്‍ കളിച്ചു. ചെല്‍സിയുടെ പ്രധാന താരമായിരുന്ന ഹസാര്‍ഡിനെ 2019 സീസണിലാണ് റയല്‍ സ്വന്തമാക്കിയത്. ചെല്‍സിയിലായിരിക്കെ ഹസാര്‍ഡ് രണ്ട് തവണ പ്രീമിയര്‍ ലീഗ് ടൈറ്റിലുകള്‍ നേടിയിട്ടുണ്ട്. 2018 റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ബെല്‍ജിയത്തിന് വേണ്ടിയുള്ള പ്രകടനമികവിന്റെ കൂടി അടിസ്ഥാനത്തിലാണ് തൊട്ടടുത്ത സീസണില്‍ റയല്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം റയലിലായിരിക്കെ ഒരോ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും യൂറോപ്പ്യന്‍ സൂപ്പര്‍ക്കപ്പും നേടിയിട്ടുണ്ട്. രണ്ട് തവണ വീതം ലാലിഗയും സ്പാനിഷ് സൂപ്പര്‍ കപ്പും നേടി. ഒരു തവണ കോപ്പ ഡെല്‍ റേയും സ്വന്തമാക്കി. പക്ഷെ ഹസാര്‍ഡിന് റയലില്‍ കാര്യമായി ശോഭിക്കാനായില്ല. മൂന്ന് വര്‍ഷത്തിനിടെ ആകെ 76 മത്സരത്തിലാണ് കളിച്ചത്. നേടിയത് ഏഴ് ഗോളുകളും.
ഫ്രഞ്ച് ക്ലബ്ബ് ലില്ലെയില്‍ നിന്നാണ് കരിയര്‍ തുടങ്ങിയത്. 2012ലാണ് ചെല്‍സിയിലെത്തുന്നത്. 2014-15 സീസണില്‍ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ അസോസിയേഷന്‍ മികച്ച താരമായി തെരഞ്ഞെടുത്ത പ്ലേയറാണ് ഹസാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: