പത്തനംതിട്ട: പന്തളത്ത് ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. പുലർച്ചെ എണീറ്റ് മറ്റൊരു മുറിയിലേക്ക് മാറി കിടന്നതിനാൽ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മങ്ങാരം കുന്നിക്കുഴി ഹരിഗീതത്തിൽ ഗീതാകുമാരിയാണ് രക്ഷപ്പെട്ടത്. ഇവർ നേരത്തെ കിടന്ന മുറിയുടെ മുൻഭാഗമാണ് തകർന്നത്. ഇന്നലെ പുലർച്ചെ മൂന്നേമുക്കാലോടെയായിരുന്നു അപകടം.
ദേശീയപാതയുടെ നിർമ്മാണത്തിന് വേണ്ടി ഹരിപ്പാട്ട് മണ്ണ് ഇറക്കിയതിന് ശേഷം അടൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ഇടപ്പോൺ സ്വദേശി അഡ്വ. ദേവദാസിന്റെ കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.















