കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തെന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ യുവതി നല്കിയ ഹര്‍ജി ജസ്റ്റിസ് പി. ഗോപിനാഥാണ് തള്ളിയത്. യുവതിക്കെതിരെ ഗുരുതരമായ ആരോപണമാണുള്ളതെന്നും ഇവയൊക്കെ ശരിയാണെങ്കില്‍ പ്രതിയുടെ നടപടി മാതൃത്വത്തിനു തന്നെ അപമാനമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. 2018 മുതല്‍ 2023 മാര്‍ച്ച് വരെ ഇയാള്‍ പീഡനം തുടര്‍ന്നെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി അറസ്റ്റിലായത്. അന്നു മുതല്‍ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ യുവതിക്ക് ജാമ്യം നല്കിയാല്‍ ഇരയെ സ്വാധീനിക്കാനിടയുണ്ടെന്നും കസ്റ്റഡിയിലിരിക്കെ വിചാരണ പൂര്‍ത്തിയാക്കേണ്ട സാഹചര്യമുള്ള കേസാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജാമ്യഹര്‍ജി തള്ളിയത്.
















