തിരുവനന്തപുരം: ഡാക് എക്സ്പോര്‍ട്ട് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ഇ-കൊമേഴ്സ് മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്തുകയാണ് തപാല്‍ വകുപ്പിന്റെ ഡാക് ഘര്‍ നിര്യാത് കേന്ദ്രങ്ങളെന്ന് ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍ മഞ്ജു പ്രസന്നന് പിള്ള പറഞ്ഞു.
ലോക തപാല്‍ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ തപാല്‍ വാരാചരണം സംബന്ധിച്ച് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍.
നിലവില്‍ കേരളത്തില്‍ 22 ഇടങ്ങളില്‍ ഡാക് നിര്യാത് കേന്ദ്രങ്ങള്‍ സജീവമാണ്. സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഗ്രാമീണ മേഖലയിലെ കരകൗശല വിദഗദ്ധര്‍ക്കും ഉത്പന്നങ്ങള്‍ വിദേശ വിപണിയിലെത്തിക്കുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് മഞ്ജു പ്രസന്നന് പിള്ള പറഞ്ഞു.
അതിനാല്‍ തന്നെ തപാല്‍ വാരാചരണത്തില്‍ ഈ സംരംഭത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഊന്നല്‍ നല്‍കും. കേരളത്തില്‍ പോസ്റ്റോഫീസുകള്‍ ജനസംഖ്യക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പുന:വിന്യസിക്കുക മാത്രമാണ് ചെയ്യുന്നത്.
ഗ്രാമീണ മേഖലകളിലാണ് 89 ശതമാനം പോസ്റ്റോഫീസുകളും പ്രവര്‍ത്തിക്കുന്നത്. കാലാനുസൃതമായി തപാല്‍ വകുപ്പില്‍ സാങ്കേതികമായി വന്ന മാറ്റങ്ങളിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍ പറഞ്ഞു.
ഒക്ടോബര്‍ 09 മുതല്‍ 13 വരെയാണ് തപാല്‍ വാരം ആചരിക്കുന്നത്. തപാല്‍ വാരത്തിലെ ഓരോ ദിവസവും വിഷയ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തപാല്‍ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ഉപന്യാസ മത്സരം തുടങ്ങിയ സംഘടിപ്പിക്കും.
അന്ത്യോദയ ദിവസായ ഒക്ടോബര്‍ 13ന് ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ആധാര്‍ പേര് ചേര്‍ക്കല്‍ ബോധവത്കരണ ക്യാമ്പുകള്‍ സജ്ജമാക്കുമെന്നും ചീഫ് പോസ്റ്റ് മാസറ്റര്‍ ജനറല്‍ അറിയിച്ചു.
പോസ്റ്റല്‍ സര്‍വ്വീസ് ഡയറക്ടര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് അലക്സിന് ജോര്‍ജ്ജ് സന്നിഹിതനായിരുന്നു. ജനങ്ങള്‍ക്കിടയില്‍ തപാല്‍ സേവനത്തിന്റെ പങ്കിനെ കുറിച്ചും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിലെ സംഭാവനയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ലോക തപാല്‍ ദിനത്തിന്റെ ലക്ഷ്യം.
ലോക തപാല്‍ ദിനമായ ഇന്ന് ( 09 ഒക്ടോബര്‍ 2023) തപാല്‍ വകുപ്പ് ദക്ഷിണ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പോസ്റ്റത്തോണ്‍ റണ്‍ സംഘടിപ്പിച്ചു. വിശ്വാസത്തിനായി ഒരുമിച്ച് എന്നതാണ് ഈ വര്‍ഷത്തെ ലോക തപാല്‍ ദിന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: