ന്യൂദല്‍ഹി: ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനു പിന്നാലെ രാജ്യാന്തര വിപണികളില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ധന. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളില്‍ വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ തന്നെ നാലു ശതമാനത്തിലധികം നേട്ടമാണ് ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചര്‍സ് രേഖപ്പെടുത്തിയത്.
നിലവില്‍ 88 ഡോളര്‍ നിലവാരത്തിലാണ് ബ്രെന്റ് ക്രൂഡോയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സമാനമായ നേട്ടത്തോടെ യുഎസ് ഡബ്ല്യുടിഐ ക്രൂഡോയില്‍ 86 ഡോളര്‍ നിലവാരത്തിലും ട്രേഡ് തുടരുന്നു. ഇന്‍ട്രാഡേയും ഉയര്‍ന്ന 87.23 ഡോളറായി. ചില ഉല്‍പ്പാദന രാജ്യങ്ങളുടെ ഉല്‍പ്പാദനം വെട്ടിക്കുറച്ചതുമൂലമുള്ള വിതരണ ആശങ്കകള്‍ കാരണമാണ് എണ്ണവില ഉയരുന്നത്.
ഇന്ത്യ ഇത് പക്വതയോടെ കൈകാര്യം ചെയ്യും. ഊര്‍ജ്ജ മേഖലയെ സംബന്ധിച്ചിടത്തോളം ഈ വിഷയം വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ ചിന്തിച്ചുളള പ്രവര്‍ത്തനമാണ് ആവശ്യവും. ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ജനങ്ങളെ സുസ്ഥിരവും ശുദ്ധവുമായ ഇന്ധനത്തിലേക്ക് പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
രാജ്യത്തെ ഇന്ധന നിരക്കുകളില്‍ തിങ്കളാഴ്ചയും മാറ്റമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 106.31 രൂപയും ഡീസലിന്റെ നിരക്ക് 94.27 രൂപയിലും മാറ്റമില്ലാതെ നില്ക്കുന്നു. മുംബൈയില്‍ പെട്രോളിന്റെ വില 106.31 രൂപയും ഡീസലിന്റെ നിരക്ക് 94.27 രൂപയുമായും തുടരുന്നു.
കൊല്‍ക്കത്ത നഗരപരിധിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ നിരക്ക് 106.03 രൂപയും ഡീസലിന്റെ നിരക്ക് 92.76 രൂപ നിലവാരത്തിലും മാറ്റമില്ലാതെ തുടരുന്നു. ചെന്നൈയില്‍ പെട്രോളിന്റെ നിരക്ക് 102.63 രൂപയും ഡീസലിന്റെ വില 94.24 രൂപയിലും നില്ക്കുന്നു. അതേസമയം ഹമാസ് ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 700 കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: