ചെന്നൈ: ജനപ്രിയ തമിഴ് യൂട്യൂബറും റേസറുമായ വൈകുണ്ഠവാസന്റെ ലൈസൻസ് തമിഴ്‌നാട് ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തു. വൈകുണ്ഠവാസൻ എന്ന ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് ആണ് കാഞ്ചീപുരം ആര്‍ടിഒ സസ്‌പെൻഡ് ചെയ്തത്. 2023 ഒക്‌ടോബർ 6 മുതലാണ് ഇയാളുടെ ലൈസൻസ് അയോഗ്യമാക്കാൻ ആർടിഒ ഓഫീസ് ഉത്തരവിട്ടത്.
സെക്ഷൻ 19 (1) (ഡി), (എഫ്) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ആണ് യൂട്യൂബർ ചെയ്തത്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോ വ്ലോഗറും നടനുമാണ് ടി ടി എഫ് വസന്‍. ലക്ഷത്തിലേറെ യുവജനങ്ങള്‍ ഇയാളുടെ യൂട്യൂബ് ചാനലിന്റെ വരിക്കാരാണ്. ഈ ചാനല്‍ നിര്‍ത്തലാക്കണമെന്ന്, കഴിഞ്ഞദിവസം വാസന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അഭ്യാസപ്രകടനം കാണിക്കുന്നതിന് ഉപയോഗിക്കുന്ന ബൈക്ക് കത്തിച്ചു കളയണമെന്നും കോടതി പറഞ്ഞു. ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ അതിവേഗത്തില്‍ അഭ്യാസ പ്രകടനം നടത്തിയതിനെത്തുടർന്ന് നിരവധി കേസുകൾ വാസന്റെ പേരിലുണ്ടായിരുന്നു. കഴിഞ്ഞമാസം അതിവേഗത്തില്‍ ബൈക്കോടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ വാസനെ പിന്നീട് പോലീസ് അറസ്റ്റുചെയ്തിരുന്നു. പുഴൽ ജയിലിൽ കഴിയുന്ന ടിടിഎഫ് വാസൻ സമർപ്പിച്ച ജാമ്യാപേക്ഷ കാഞ്ചീപുരം കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം തേടി ടിടിഎഫ് വാസൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കന്നുകാലികൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വാഹനത്തിന്റെ ചക്രം പൊങ്ങിയെന്നും ബ്രേക്ക് ഇട്ടില്ലെങ്കിൽ കന്നുകാലികൾക്ക്അ പകടമുണ്ടാകുമായിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞമാസം കാഞ്ചീപുരത്തിനടുത്ത് ഹൈവേയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെന്നൈയില്‍നിന്ന് ബൈക്കില്‍ മഹാരാഷ്‌ട്രയിലേക്കുള്ള യാത്രയിലായിരുന്നു അപകടമെന്നായിരുന്നു റിപ്പോര്‍ട്ട്. ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ കാഞ്ചീപുരം ജില്ലയിലെ ബാലുചെട്ടിഛത്രത്തില്‍ റോഡില്‍ ബൈക്ക് ഓടിച്ച് അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: