കൊച്ചി: ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ അതിര്‍ത്തികളിലെ പതിവ് ട്രാന്‍സ്പോര്‍ട്ട് ചെക്ക് പോസ്റ്റുകള്‍ ആവശ്യമില്ലെന്നും അവ നീക്കണമെന്നുമുള്ള കേന്ദ്ര ഉത്തരവ് കേരളം അവഗണിക്കുന്നു.
സംസ്ഥാന അതിര്‍ത്തികളിലെ ആര്‍ടിഒ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് 2021 സപ്തംബര്‍ ആറിന് നല്കിയ ഉത്തരവാണ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കേരളം പൂഴ്ത്തിവെച്ചിരിക്കുന്നുത്.
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം ആര്‍ടിഒ ചെക്ക്പോസ്റ്റുകള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്.
2017 ല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി സമ്പ്രദായം നടപ്പില്വരുത്തിയതോടു കൂടി വില്പന നികുതി ചെക്ക് പോസ്റ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത് ഉദ്യോഗസ്ഥ അഴിമതി തടയാന്‍ ഒരുപരിധിവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടാണ് സ്ഥിരം വാഹന പരിശോധനാ കേന്ദ്രങ്ങളും ആവശ്യമില്ലെന്നുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വാഹന – ചരക്കു സംബന്ധമായ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ അറിയാന്‍ സാധിക്കുമെന്നുള്ളതിനാല്‍ അതിര്‍ത്തികളിലെ സ്ഥിരം ചെക്ക്പോസ്റ്റുകള്‍ നിലവില്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര നിലപാട്.
എന്നാല്‍ ഉദ്യോഗസ്ഥ അഴിമതിക്കു മൗനാനുമതി നല്കുന്ന കേരള സര്‍ക്കാര്‍ ആര്‍ടിഒ ചെക്ക്പോസ്റ്റുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഇതുവരെയും യാതൊരു മറുപടിയും കേന്ദ്ര ഗതാഗത മന്ത്രാലയം മുമ്പാകെ നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ചെക്ക്പോസ്റ്റുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം നിലനില്ക്കുമ്പോള് തന്നെ നിലവിലുള്ള ചെക്ക്പോസ്റ്റുകളുടെ നവീകരണത്തിനും മറ്റുമായി കേരള സംസ്ഥാന ഗതാഗത വകുപ്പ് കോടികള്‍ ചിലവഴി ക്കുവാനുള്ള ശ്രമത്തിലാണ്.
പാലക്കാട് ജില്ലാ വികസന സമിതിയില്‍ വടകരപ്പതി പഞ്ചായത്തില്‍പ്പെട്ട അതിര്‍ത്തി പ്രദേശമായ ഒഴലപ്പതിയില്‍ പുതിയ ചെക്ക്പോസ്റ്റ് സ്ഥാപിക്കണമെന്നുള്ള ഭരണകക്ഷി രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: