‘സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം’… ഇറാന് ഭരണകൂടത്തിനെതിരെ ലോകമാകെ ഏറ്റെടുത്ത മുദ്രാവാക്യം. നര്‍ഗസ് മുഹമ്മദി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥതയും വിളിച്ചോതുന്ന വാക്കുകള്‍.
ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ ടെഹ്റാനിലെ എവിന്‍ തടവറയ്ക്കുള്ളിലാണ് അന്പത്തൊന്നുകാരി നര്‍ഗസ് മുഹമ്മദി. 13 തവണ നര്‍ഗസ് മുഹമ്മദിയെ ഇറാന് ഭരണകൂടം അറസ്റ്റ് ചെയ്തു. അഞ്ച് തവണ കുറ്റക്കാരിയെന്ന് കണ്ടെത്തി. 31 വര്‍ഷം തടവുശിക്ഷ. 154 തവണ ചാട്ടവാറടി… സമാനതകളില്ലാത്ത സഹനമാണ് നര്‍ഗസിനെ നായികയാക്കുന്നത്.
മുടി പൂര്‍ണമായും മറച്ച് തട്ടം ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ മതപോലീസിന്റെ മര്‍ദനമേറ്റ് മരിച്ച ഇരുപത്തിരണ്ടുകാരി മഹ്സ അമിനിക്കുവേണ്ടി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഏറ്റവുമൊടുവില്‍ നര്‍ഗസ് തടവിലാക്കപ്പെട്ടത്.
1972 ഏപ്രില്‍ 21ന് ഇറാനിലെ സന്ജനിലാണ് ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ നര്‍ഗസ് എന്‍ജിനീയര്‍ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പഠനകാലത്ത് സ്ത്രീ സമത്വം, സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുകയും സംസാരിക്കുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കവെ രണ്ടുതവണ അറസ്റ്റിലായി. പര്‍വതാരോഹണ സംഘത്തില്‍ സജീവമായിരുന്നെങ്കിലും സര്‍ക്കാര്‍ വിലക്കു മൂലം അതില്‍ നിന്ന് പുറത്തായി.
നിരവധി പത്രങ്ങളില്‍ മാധ്യമപ്രവര്‍ത്തകയായും നര്‍ഗസ് സേവനമനുഷ്ഠിച്ചു. ദ റിഫോംസ്, ദ സ്ട്രാറ്റജി ആന്‍ഡ് ദ ടാറ്റിക്സ് എന്നത് നര്‍ഗസിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ്. വൈറ്റ് ടോര്‍ച്ചര്‍: ഇന്റര്‍വ്യൂസ് വിത്ത് ഇറാനിയന്‍ വിമെന്‍ പ്രിസണേഴ്സ് എന്ന ബുക്കിന് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്റെ പുരസ്കാരം ലഭിച്ചു. 1999ല്‍ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ടാഗി റഹ്മാനിയെ വിവാഹം കഴിച്ചു. രണ്ടു കുട്ടികളുണ്ട്.
2003 മുതല്‍, നര്‍ഗസ് നൊബേല്‍ പുരസ്കാര ജേതാവായ ഷിറിന് എബാദി സ്ഥാപിച്ച ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ് സെന്ററിന്റെ ഭാഗമായി. 2011ലാണ് നര്‍ഗസ് മുഹമ്മദി ആദ്യമായി തടവിലായത്. രണ്ടുവര്‍ഷത്തിന് ശേഷം പുറത്തിറങ്ങി, ഇറാനില്‍ വധശിക്ഷയ്ക്കെതിരെ പ്രചാരണമാരംഭിച്ചു. തുടര്‍ന്ന് 2015ല്‍ വീണ്ടും ജയിലിലായി.
നിരവധി പുരസ്കാരങ്ങളാണ് നര്‍ഗസിനെ തേടിയെത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഇത്തവണത്തെ പത്രസ്വാതന്ത്ര്യസമ്മാനവും അവര്‍ക്ക് ലഭിച്ചിരുന്നു. ഇറാനില്‍ തടവിലാക്കപ്പെട്ട മറ്റ് രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഈ പുരസ്കാരം അവര്‍ പങ്കിട്ടത്. നൊബേല്‍ കൂടി നര്‍ഗസിനെ തേടിയെത്തിയപ്പോള്‍ യുഎന്നിലെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം നര്‍ഗസിന്റെ മോചനത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
നൊബേല്‍ പുരസ്കാരം ലഭിക്കുന്ന പത്തൊന്‍പതാമത്തെ വനിതയാണ് നര്‍ഗസ് മുഹമ്മദി. ഇറാനില്‍ നിന്നുള്ള രണ്ടാമത്തെ വനിതയും. ഷിറിന് എബാദിയാണ് നൊബേല്‍ പുരസ്കാരം ലഭിക്കുന്ന ഇറാനില്‍ നിന്നുള്ള ആദ്യ വനിത. നൊബേലിന്റെ 122 വര്‍ഷത്തെ ചരിത്രത്തില്‍ തടവറയിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാള്‍ക്ക് അഞ്ചാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: