ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശും കശ്മീരും ഭാരതത്തിന്റെ ഭാഗമല്ലാതാക്കി ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ന്യൂസ് ക്ലിക്ക് ബോധപൂര്‍വം ശ്രമിച്ചതായി ദല്‍ഹി പോലീസ്. ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയുടെയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെയും റിമാന്‍ഡ് അപേക്ഷയിലാണ് ഇക്കാര്യം. ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിന് കോടികള്‍ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് മേധാവികള്‍ക്കെതിരേ യുഎപിഎ ചുമത്തി നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. പ്രതികള്‍ നിലവില്‍ ഏഴു ദിവസത്തെ കസ്റ്റഡിയിലാണ്.
2018 ഏപ്രിലില്‍ യുഎസ് ആസ്ഥാനമായ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്സ് എല്‍എല്‍സിയില്‍ നിന്ന് 9.6 കോടി രൂപയുടെ വിദേശ സഹായം ന്യൂസ് ക്ലിക്ക് സ്വീകരിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടുത്തയാളായ, ബീജിങ്ങില്‍ താമസമാക്കിയ യുഎസ് ബിസിനസുകാരന് നെവില്‍ റോയ് സിംഘാമിന്റെ അനുയായി ജാസന്‍ ഫെച്ചറിന്റെ പേരില്‍ 2017ല്‍ ആരംഭിച്ചതാണ് വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്സ്. 2018-2022ല്‍ നെവില്‍ റോയിയുടെ രണ്ട് കമ്പനികളില്‍ നിന്ന് 28 കോടി രൂപ കൂടി ന്യൂസ് ക്ലിക്കിനു ലഭിച്ചു. എന്നാല്‍ തിരികെ സേവനങ്ങളൊന്നും ന്യൂസ് ക്ലിക്ക് നല്‍കിയില്ല. ഇതാണ് നെവില്‍ റോയ് സിംഘാം ന്യൂസ് ക്ലിക്കിന് ഇത്രയധികം തുക രാജ്യവിരുദ്ധ പ്രചാരണത്തിനു നല്‍കിയതാണെന്ന സംശയം ശക്തമാക്കിയത്. തുടര്‍ന്ന് ആഗസ്ത് 17ന് യുഎപിഎ ചുമത്തി എഫ്ഐആറിട്ട് ദല്‍ഹി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഭീമ കൊറേഗാവ് കേസിലെ മുഖ്യപ്രതി ഗൗതം നാവ്ലഖയുടെ കുടുംബത്തിന് 21 ലക്ഷം രൂപയും വിവാദ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെ കുടുംബത്തിന് 24 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് നല്കിയതും അന്വേഷണത്തില്‍ തെളിഞ്ഞു. ഗൗതം നാവ്ലഖയും ന്യൂസ് ക്ലിക്ക് ഫൗണ്ടര്‍ പ്രബീര്‍ പുര്‍കായസ്ഥയും ചേര്‍ന്ന് ഒരു കമ്പനി സ്ഥാപിക്കുകയും യുഎസ് ആസ്ഥാനമായ പ്രതിരോധ കമ്പനിയില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
അതിനിടെ മാധ്യമ പ്രവര്‍ത്തകരെ പിടികൂടിയതില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ പ്രസ് ക്ലബുകളും മാധ്യമ സംഘടനകളും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: