ഗാങ്ടോക്: സിക്കിം ലൊനാക് തടാകത്തിനടുത്ത് മേഘ വിസ്‌ഫോടനത്തിലും ടീസ്ത നദീ തടത്തിലെ മിന്നല്‍ പ്രളയത്തിലും മരിച്ചവര്‍ പതിനെട്ടായി. 22 സൈനികരുള്‍പ്പെടെ 102 പേരെ ഒഴുക്കില്‍പ്പെട്ടു കാണാനില്ലെന്നാണ് ഔദ്യോഗിക കണക്ക്. 116 പേരെ രക്ഷപ്പെടുത്തി.
26 പേര്‍ക്കു പരിക്കേറ്റു. കാണാതായ 23 സൈനികരില്‍ ഒരാളെ ബുധനാഴ്ച വൈകി കണ്ടെത്തിയിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് വിനോദ യാത്രയ്‌ക്കു പോയ മൂവായിരത്തോളം ആളുകള്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.
വിവിധയിടങ്ങില്‍ നിന്ന് രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 ആളുകളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ട്. 14 പാലങ്ങള്‍ തകര്‍ന്നു. സിക്കിമിനെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10ന്റെ വിവിധ ഭാഗങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി. ദുരന്ത നിവാരണ, അഗ്നിരക്ഷ, വ്യോമ സേനകള്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തകര്‍ന്ന പാലത്തിന്റെ സ്ഥാനത്ത് താത്കാലിക പാലമുണ്ടാക്കി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് ശ്രമം. ടീസ്ത നദി കടന്നുപോകുന്ന വടക്കന്‍ ബംഗാളിലും ബംഗ്ലാദേശിലും പ്രളയ മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മേഘ വിസ്‌ഫോടനം. പിന്നാലെ സിക്കിമിലെ ഏറ്റവും വലിയ അണക്കെട്ട് ചുങ്താങ് തകര്‍ന്നത് സ്ഥിതി ഗുരുതരമാക്കി. മംഗന്‍, ഗാങ്‌ടോക്, പാക്യോങ് മേഖലകളെയാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. മംഗനിലെ ചുങ്താങ്, ഗാങ്‌ടോക്കിലെ ദിക്ചു, സിങ്ടാം, പാക്യോങ്ങിലെ റാങ്‌പോ പ്രദേശങ്ങളില്‍ കൂടുതല്‍ ആളുകളെ കാണാതായി. പാക്യോങ്ങിലാണ് ഏറെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: