കോഴിക്കോട്: കരിവെള്ളൂര്‍ സമരവും അതില്‍ പാര്‍ട്ടിയുടെ നേട്ടവും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പടപ്പാട്ടാണ്. പക്ഷേ കരുവന്നൂരിലെ പാര്‍ട്ടിയുടെ ദുഷ്ചെയ്തികള്‍ പാര്‍ട്ടിക്കെതിരേയുള്ള അണികളുടെ പടപ്പുറപ്പാടായി മാറുകയാണ് ദിവസം ചെല്ലുന്തോറും. ഇന്നലെ നിക്ഷേപകരില്‍ ഒരാള്‍, ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചതും അതിന് തലേന്ന് സുരേഷ് ഗോപിയുടെ നായകത്വത്തില്‍ ബിജെപി നയിച്ച പദയാത്ര ജനയാത്രയായതും സിപിഎമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്.
അണികള്‍ രഹസ്യമായും പരസ്യമായും നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും കടുത്ത വിയോജിപ്പുകള്‍ ഉള്ളതായി സൂചനകള്‍ വരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എല്ലാത്തരം നിയന്ത്രണവും നഷ്ടമായെന്നാണ് അവരുടെ വിമര്‍ശനം. ചിലരുടെ താളത്തിന് തുള്ളുന്ന തരത്തില്‍, കോണ്‍ഗ്രസിനേക്കാള്‍ സിപിഎം അധപ്പതിച്ച കാലം പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ലെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നു.
കണ്ണൂരിലെ കരിവെള്ളൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആ ദിവസം 1946 ഡിസംബര്‍ 20നായിരുന്നു. രണ്ടാം ലോകയുദ്ധക്കാലത്തെ കടുത്ത ഭക്ഷ്യക്ഷാമവും കോളറ ബാധയും കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക് ആഹാരം കിട്ടാത്തതരത്തില്‍ ജന്മിമാര് ചിലര്‍ നടത്തിയ നെല്ല് പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയുമാണ്, ഏറെച്ചുരുക്കിപ്പറഞ്ഞാല്‍ കരിവെള്ളൂര്‍ സമരത്തിനിടയാക്കിയത്. ജന്മിമാര്ക്കുവേണ്ടി ബ്രിട്ടീഷ് പോലീസ് നടത്തിയ വെടിവെപ്പിലും തുടര്‍ സംഭവത്തിലും കുണിയന്‍പുഴ ചുവന്നു. രണ്ട് കര്‍ഷകര്‍ മരിച്ചു. പലര്‍ക്കും പരിക്കേറ്റു. ജനകീയാവാശ്യത്തിന് നടത്തിയ ആ പോരാട്ടം ഇന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആവേശമാണ്.
എന്നാല്‍, അതേകര്‍ഷകരും അതിസാധാരണക്കാരും പാര്‍ട്ടി അനുഭാവികളുമാണ് തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം നഷ്ടമായി, ചികിത്സ കിട്ടാതെ മരിക്കുന്നതും നരകതുല്യമായ ജീവിതം നയിക്കുന്നവരിലുമുള്ളത്. ഇതിന് കാരണക്കാരാകട്ടെ, ഇന്ന് ‘ജന്മിസ്ഥാന’ത്തെത്തിയ സിപിഎം നേതാക്കളും. കരിവെള്ളൂരില്‍ ജന്മിമാരുടേത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമായിരുന്നെങ്കില്‍ കരുവന്നൂരില്‍ പാര്‍ട്ടി നേതാക്കളുടേത് അഴിമതിയും മോഷണവുമാണെന്നു മാത്രമാണ് വ്യത്യാസം.
സുരേഷ് ഗോപിയുടെ യാത്രയില്‍ പങ്കെടുത്തവരും പിന്തുണച്ചവരും സിപിഎം വിശ്വാസികള്‍കൂടിയാണെന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ അങ്കലാപ്പിലാക്കുന്നത്. യാത്രയ്ക്കുമുമ്പും പിന്‍പും, സുരേഷ് ഗോപിയെ വ്യക്തിഹത്യ നടത്താന്‍ പാര്‍ട്ടി നേതൃത്വം വിതരണം ചെയ്ത ഒരു പ്രചാരണ ‘ക്യാപ്സൂളും’ അണികള്‍ ഏറ്റെടുത്തില്ല. അഴിമതിക്കാരെ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും (കണ്ണന് പാര്‍ട്ടിയുടെ സമ്പൂര്‍ണ പിന്തുണ) മന്ത്രി എം.ബി. രാജേഷും (വലിയ സംഭവമാണോ?) മുഖ്യമന്ത്രി പിണറായി വിജയനും (ചോറിലെ കറുത്ത ഒരു വറ്റ്, 1.5 % ബാങ്കില്‍ മാത്രം അഴിമതി) വരെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അടിത്തറയുള്ള പ്രവര്‍ത്തകരേയും വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടിയില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് സകല നിയന്ത്രണവും നഷ്ടമായെന്ന വിലയിരുത്തല്‍ വിമര്‍ശകര്‍ക്ക് മാത്രമല്ല, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. ഏറ്റവും അവസാനം, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനില്‍കുമാറിനെ തള്ളിപ്പറഞ്ഞ്, പാര്‍ട്ടിയുടെ ‘പുരോഗമനക്കാര്‍’ എന്ന പ്രതിച്ഛായയും കളഞ്ഞപ്പോള്‍, സിപിഎമ്മിനെ ചില തല്പര കക്ഷികള്‍ക്ക് അടിയറവെക്കുകയാണുണ്ടായതെന്ന് അവര്‍ രഹസ്യമായി പറയുന്നു. അനില്‍കുമാറിനെ തിരുത്തിയ ഗോവിന്ദന്, സംസ്ഥാന കമ്മിറ്റിയംഗത്തെ തിരുത്തിയ, പാര്‍ട്ടി അധികാരമൊന്നുമില്ലാത്ത കെ.ടി. ജലീലിന്റെയും എ.എം. ആരിഫിന്റെയും പ്രസ്താവനകളെക്കുറിച്ച് ‘ക-മ’ എന്നു പറയാന്‍ തയാറായില്ല. ഇത് പാര്‍ട്ടി അച്ചടക്കപദ്ധതിയില്‍ മുമ്പ് ഉണ്ടാകാത്തതാണെന്ന് അവര്‍ ചട്ടം നിരത്തി വിശദീകരിക്കുന്നു. മന്ത്രി രാജേഷും മുഖ്യമന്ത്രി ‘പിവി’യും പാര്‍ട്ടിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും നിലപാടിനെ തള്ളുകയായിരുന്നുവെന്ന് അവര്‍ സ്ഥാപിക്കുന്നു.
ഈ സ്ഥിതിയില്‍ പാര്‍ട്ടിയുടെ അണികളും അനുയായികളും അനുഭാവികളും പോലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന പക്ഷക്കാരാണ് സിപിഎമ്മിലെതന്നെ നേതാക്കളില്‍ നല്ലൊരുപങ്ക്. കരിവെള്ളൂരില്‍ നിന്ന് മുക്കാല്‍ നൂറ്റാണ്ടിനിടെ കരുവന്നൂരില്‍ എത്തിയപ്പോള്‍ പാര്‍ട്ടി ആരുടെകൂടെയെന്ന് നേതാക്കളും അണികളും ചോദിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: