ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഭാരതം ഫൈനലില്‍. ഇന്നലെ നടന്ന സെമിഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഭാരതം കലാശപ്പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കിയത്. ഭാരതത്തിന് വേണ്ടി ഹാര്‍ദിക് സിങ്, മന്ദീപ് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ,അമിത് രോഹിദാസ്, അഭിഷേക് എന്നിവരാണ് ഗോള്‍ നേടിയത്. കൊറിയയ്ക്കുവേണ്ടി ജുങ് മാന്ജെയാണ് മൂന്ന് ഗോളും നേടിയത്.
2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുശേഷം ഭാരതത്തിന്റെ ആദ്യ ഫൈനലാണിത്. ഫൈനലില്‍ വിജയം നേടിയാല്‍ ഭാരതത്തിന് നേരിട്ട് പാരീസ് ഒളിംപിക്സിലേക്ക് യോഗ്യത നേടാം. നാളെ വൈകീട്ട് നാലിന് നടക്കുന്ന ഫൈനലില്‍ ജപ്പാനാണ് ഭാരതത്തിന്റെ എതിരാളികള്‍. ചൈനയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയത്.
ഇത്തവണ ഗ്രൂപ്പ് ഘട്ടം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്ന ഭാരതം കൊറിയക്കെതിരായ സെമിയിലും ആ പ്രകടനം തുടര്‍ന്നു. ആദ്യ ക്വാര്‍ട്ടറില്‍തന്നെ മൂന്ന് ഗോളടിച്ച് ഭാരതം മേധാവിത്തം വ്യക്തമാക്കി. അഞ്ചാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഹാര്‍ദിക് സിങ്ങാണ് ലക്ഷ്യം കണ്ടത്. പിന്നീട് 11-ാം മിനിറ്റില്‍ മന്ദീപ് സിങ്ങും 15-ാം മിനിറ്റില്‍ ലളിത് കുമാറും ലക്ഷ്യം കണ്ടു. ഈ മൂന്നും ഫീല്‍ഡ് ഗോളുകളായിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തിരിച്ചുവരവിന് ശ്രമിച്ചു. മൂന്ന് മിനിറ്റിനിടെ രണ്ട് തവണ പെനാല്‍റ്റി കോര്‍ണറിലൂടെ അവര്‍ ലക്ഷ്യം കണ്ടു. 17, 20 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. എന്നാല്‍ 24-ാം മിനിറ്റില്‍ അമിത് രോഹിദാസ് ഭാരതത്തിനായി ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി പിരിയുമ്പോള്‍ ഭാരതം 4-2ന് മുന്നില്‍. മൂന്നാം ക്വാര്‍ട്ടറില്‍ വീണ്ടും കൊറിയന്‍ മുന്നേറ്റമാണ് കണ്ടത്. 42-ാം മിനിറ്റില്‍ അവര്‍ ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടതോടെ സ്കോര്‍ 3-4 എന്ന നിലയില്‍. എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ കളിയുടെ 54-ാം മിനിറ്റില്‍ അഭിഷേകിലൂടെ അഞ്ചാം ഗോളും നേടിയതോടെ ഭാരതത്തിന് വിജയത്തിനൊപ്പം ഫൈനല്‍ ബര്‍ത്തും സ്വന്തമായി. നാളെ നടക്കുന്ന ഫൈനലില്‍ ജയിച്ച് ചരിത്രത്തിലെ നാലാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണ് ഹര്‍മന്‍പ്രീത് സിങ്ങും കൂട്ടരും ലക്ഷ്യമിടുന്നത്. മുന്‍പ് നടന്ന ഏഷ്യന്‍ ഗെയിംസുകളുടെ ചരിത്രത്തില്‍ ഭാരതം മൂന്ന് സ്വര്‍ണത്തിന് പുറമെ ഒന്‍പത് വെള്ളിയും മൂന്ന്് വെങ്കലവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: