കൊല്ലം: ദീര്‍ഘനാളായി തകര്‍ച്ചയെ നേരിടുന്ന കശുവണ്ടി കയറ്റുമതി മേഖലയ്ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അപ്ട (അഗ്രികള്‍ച്ചര്‍ പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറ്റിറ്റി). മേഖലയിലെ കയറ്റുമതിക്കാരുടെയും വ്യവസായികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
ആപ്ട ചെയര്‍മാനും ഡയറക്ടറും ജനറല്‍ മാനേജരും പങ്കെടുത്ത യോഗത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രായിലെയും എംഎസ്എംഇ മേഖലയിലെയും ലഘു ഉദ്യോഗ് ഭാരതിയെയും പ്രതിനിധികരിച്ച് വ്യവസായികളും ഭാരവാഹികളും പങ്കെടുത്തു. കശുവണ്ടി മേഖലയെ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങളിലേക്കും അതിന്റെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ദീര്‍ഘമായി ചര്‍ച്ച ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാനും പരിഹാരത്തിനുമായി ഒരു സംഘത്തെ കൊല്ലത്തേക്ക് അയക്കാമെന്നും അതിനുസരിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായി സഹായധനം നേടിയെടുക്കാന്‍ സഹായിക്കാമെന്നും ആപ്ട ഭാരവാഹികള്‍ ഉറപ്പു നല്കി. ഈ മേഖലയിലെ തകര്‍ച്ച പഠിച്ച് കയറ്റുമതിയില്‍ പുരോഗതി ഉണ്ടാക്കാനും കൊല്ലം നഗരത്തെ മുന്‍കാലങ്ങളിലെപ്പോലെ കശുവണ്ടിയുടെ കയറ്റുമതി ഹബ്ബായി വളര്‍ത്തുന്നതിന് എല്ലാ സഹായ സഹകരണങ്ങളും അപ്ട ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു.
നവംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന ഭാരത് ഫുഡ് എക്സോപയില്‍ വിദേശ രാജ്യങ്ങളിലെ കശുവണ്ടി പരിപ്പ് ഇറക്കുമതിക്കാരെ ക്ഷണിക്കുന്നതിന് വ്യവസായികളുടെ സഹായം അഭ്യര്‍ഥിച്ചു. കശുവണ്ടി മേഖലയിലെ വാല്യൂ ആഡഡ് പ്രൊഡക്ടസ് ഡെവലപ് ചെയ്ത് കശുവണ്ടിക്ക് അര്‍ഹമായ സ്ഥാനം നല്കി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ആപ്ട അധികാരികള്‍ ഉറപ്പ് നല്കി.
മുപ്പതിലധികം വ്യവസായികള്‍ പങ്കെടുത്തു. മേഖലയെ പ്രതിനിധീകരിച്ച് പ്രകാശ് രവീന്ദ്രന് നായര്‍, വസന്തകുമാര്‍, സതീശ്നായര്, എബിന്‍ബാബു ഉമ്മന്‍, ഉണ്ണികൃഷ്ണന്, ലഘു ഉദ്യോഗ് ഭാരതിയെ പ്രതിനിധീകരിച്ച് കെ.ആര്. നാരായണപിള്ളയും സംസാരിച്ചു. ബിജെപിയും ലഘുഉദ്യോഗ് ഭാരതിയും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതി രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ആപ്ടയെ കശുവണ്ടിമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: