മങ്കൊമ്പ്: കനത്തമഴയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉണ്ടായത് കടുത്ത സാമ്പത്തിക ബാദ്ധ്യത. പുഞ്ചകൃഷിക്കുള്ള നിലമൊരുക്കല്‍ ജോലികള്‍ നടക്കുന്ന പാടശേഖരങ്ങളെയാണ് അപ്രതീക്ഷിത പ്രളയം പ്രതിസന്ധിയിലാക്കിയത്. മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളില്‍ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നതു കടുത്ത സാമ്പത്തിക ബാധ്യതയാണ്. ഇവിടെയെല്ലാം നിലമൊരുക്കല്‍ ജോലികള്‍ ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയിരുന്നു.
മടവീണതോടെ കൃഷിയിറക്കണമെങ്കില്‍ പഴയ ജോലികളെല്ലാം വീണ്ടും ആവര്‍ത്തിക്കേണ്ട സ്ഥിതിയാണുള്ളത്. ഇനിയും മടവീഴാത്ത പാടശേഖരങ്ങളുടെയും സ്ഥിതി വിഭിന്നമല്ല.
ആഴ്ചകള്‍ നീണ്ട പമ്പിങിലൂടെ പൂര്‍ണമായും വെള്ളം വറ്റിയ പാടശേഖരങ്ങള്‍ വീണ്ടും വെള്ളം നിറഞ്ഞുകഴിഞ്ഞു. പതിനായിരക്കണക്കിനുരൂപ മുടക്കി പോളയും മറ്റു മാലിന്യങ്ങളുമൊക്കെ നീക്കി നിലം വൃത്തിയാക്കിയിരുന്നു. എന്നാല്‍ പാടത്തു വെള്ളം നിറഞ്ഞതോടെ പുറംബണ്ടിനു സമീപം നിക്ഷേപിച്ചിരുന്ന പോളയും മറ്റും വീണ്ടും പാടത്തു നിറഞ്ഞു. മുടക്കിയ അത്രയും തന്നെ തുക വീണ്ടും ചെലവഴിച്ചാലെ കൃഷിയിറക്കാനാകൂ.കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളില്‍ പുഞ്ചക്കൃഷി നടത്താനുള്ള അവസാനവട്ട പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴയുണ്ടാകുന്നത്.
മഴക്കെടുതിയില്‍ പാടശേഖരങ്ങളുടെ ദുര്‍ബലമായ ബണ്ടുകള്‍ മടവീണ് തകര്‍ന്നാണ് വെള്ളം കയറിയത്. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലും മടവീഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ള പാടശേഖരങ്ങളിലും ബണ്ട് ബലപ്പെടുത്തുന്നതിന് പാടശേഖര സമിതികള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യം ഉയരുന്നു. രണ്ടാംകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച സമയത്താണ് അപ്രതീക്ഷിതമായി കനത്ത മഴ ഉണ്ടായത്. ഇതേ തുടര്‍ന്ന് മിക്ക പാടശേഖരങ്ങളിലേയും കൊയ്യാറായ നെല്ല്വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും വെള്ളംകയറി നെല്ല് കൊയ്യാന്‍ കഴിയാത്തെ സ്ഥിതിയാണ്.
പുഞ്ചക്കൃഷി വൈകാനാണ് സാധ്യത. വലിയ പാടശേഖരങ്ങളില്‍ വെള്ളംവറ്റാന്‍ ഒരുമാസത്തില്‍ കൂടുതല്‍ ദിവസം വേണമെന്ന് കര്‍ഷകര്‍ പറയുന്നു. മടവീണ പാടശേഖരങ്ങളിലെ മടകുത്തിയതിന് ശേഷമെ പമ്പിങ് ആരംഭിക്കാന്‍ കഴിയൂ. ഇപ്പോഴും ജലനിരപ്പില്‍ കാര്യമായ കുറവില്ല. വൈകുന്നേരങ്ങളില്‍ വേലിയേറ്റത്തെ തുടര്‍ന്നു വീണ്ടും ജലനിരപ്പുയരുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: