മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹിയിൽ വാടകക്ക് നൽകിയിരുന്ന വീട്ടിൽ പോലീസ് റെയ്ഡ് നടന്നു. സ്വാഭാവികമായും യെച്ചൂരി ക്ഷുഭിതനാണ്. ന്യൂസ് ക്ലിക് എന്ന വാർത്ത ചാനലിന്റെ എഡിറ്റർ പ്രവീൺ പുരകായസ്ഥ ചൈനയിൽ നിന്നും 38 കോടി രൂപ കൈപ്പറ്റി ഭാരതത്തിന് എതിരെയും ചൈനയ്‌ക്ക് അനുകൂലമായും വാർത്തകൾ പടച്ചു നൽകി എന്ന് ആരോപണം നേരിടുന്നുണ്ട്. ഇതിനെ തുടർന്നുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. അതിനെ തുടർന്നു ന്യൂസ് ക്ലിക് പ്രവർത്തകരുടെയും അവർക്കു സഹായം ചെയ്യുന്ന എഴുത്തുകാരെയും അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. അതിന്റെ ഭാഗമായി അവരുടെയെല്ലാം വീടുകളിലും ഓഫീസുകളിലും പോലീസ് റെയ്ഡും നടത്തി. സീതാറാം യച്ചൂരിക്ക് താമസിക്കാനായി നൽകിയിരുന്ന വീട്ടിൽ ഡൽഹി എ കെ ജി ഭവനിലെ ഒരു ജീവനക്കാരനും കുടുംബവുമാണ് ഇപ്പോൾ താമസിക്കുന്നത്. ഈ ജീവനക്കാരന്റെ മകൻ ന്യൂസ് ക്ലിക്കിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് യച്ചൂരി ഭവനിൽ റെയ്ഡ് നടന്നത്.
ചൈനക്ക് അനുകൂലമായി വാർത്ത പ്രചരിപ്പിക്കുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ പ്രകാശ് കാരാട്ടിന്റെ പേരും ഉണ്ട്. മാർക്സിസ്റ്റു പാർട്ടി ചൈനയ്‌ക്കു വേണ്ടി ചാരവൃത്തി നടത്തുന്നത് പുതിയ കാര്യമല്ല. ഭാരതത്തിനു അനുകൂലമായി ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല കഴിയുന്നത്ര ഭാരതത്തെ താറടിച്ചു കാണിക്കാൻ എന്തും ചെയ്യും എന്ന ഒരു ശാഠ്യത്തിൽ മാത്രമേ പാർട്ടിക്ക് നിർബന്ധമുള്ളൂ. വിദേശ രാജ്യത്തിനു വേണ്ടി ചാരവൃത്തി നടത്തുന്നതിൽ പാർട്ടിക്ക് സന്തോഷമേയുള്ളൂ. ആദ്യം സോവിയറ്റ് യൂണിയന് വേണ്ടിയായിരുന്നു സി പി എം വീടുവേല ചെയ്തുകൊണ്ടിരുന്നത്. 1942ൽ സോവിയറ്റ് യൂണിയനു വേണ്ടി കമ്മ്യൂണിസ്റ്റുകാർ കഠിനമായി പണിയെടുത്തു. 1962ലും 1967ലും ഭാരതവും ചൈനയുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ചൈനയ്‌ക്കുവേണ്ടിയായിരുന്നു മാർക്സിസ്റ്റുകാർ ചാരവൃത്തി നടത്തിയത്. അന്നും ചൈനയിൽ നിന്നും പണം പറ്റിയായിരുന്നു രാജ്യദ്രോഹം നടത്തിയത്. പുതിയ സഹചര്യത്തിൽ ചൈനയ്‌ക്കുവേണ്ടി പടപൊരുതാൻ ഒരു ശക്തിയെ ഭാരതത്തിൽ തന്നെ അവർ മാർക്സിസ്റ്റു പാർട്ടിയിൽ കണ്ടെത്തി. മാർക്സിസ്റ്റ് പാർട്ടി അതിൽ അതീവ സന്തുഷ്ടരുമാണ്.
പത്രപ്രവർത്തകരെയും എഴുത്തുകാരെയും ടീസ്റ്റാവാദിനെയും, അവർ എന്ത് ചെയ്താലും, അവർക്കു എതിരെ ഒന്നും ചെയ്യരുത് എന്നാണ് മാർക്സിസ്റ്റ് പാർട്ടി പറയുന്നത്. കാരണം അത് അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കും എന്നാണ് യെച്ചൂരിയുടെ വാദം. അല്ല സഖാവെ, ഒന്ന് ചോദിച്ചോട്ടെ, കമ്മ്യൂണിസത്തിൽ എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത്. ചൈനയിൽ, സോവിയറ്റ് യൂണിയനിൽ എന്ന് തുടങ്ങി ഒരു കമ്മ്യൂണിസ്റ്റ് രാഷ്‌ട്രത്തിലും സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉണ്ടായിട്ടില്ല സഖാവെ; ഉണ്ടാവുകയും ഇല്ല. ഭാരതത്തിലെ ഭരണഘടന പ്രകാരം സ്വാതന്ത്ര്യം എന്നാൽ അരാജകത്വമല്ല ആത്മനിയന്ത്രണമാണ്. വ്യക്തിയും സ്ഥാപനങ്ങളും അവരവരെ അവർ തന്നെ നിയന്ത്രിക്കണം. അങ്ങനെ അവർ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ നിയമത്തിന് അവരെ നിയന്ത്രിക്കേണ്ടിവരും. ചാരവൃത്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല സഖാവെ.
ഭാരതത്തിന് എതിരെ ചൈനയ്‌ക്കുവേണ്ടി ഏതെങ്കിലും ഒരു സ്ഥാപനം ചാരവൃത്തി ചെയ്താൽ, ആ സ്ഥാപനം മാധ്യമ പ്രവർത്തനം നടത്തുന്നുണ്ട് എന്നതുകൊണ്ട് മാത്രം, നടപടി എടുക്കാതിരിക്കാനാകില്ല. ക്രിമിനൽ കുറ്റം ചെയ്യുന്നവർക്ക്, അവർ മാധ്യമപ്രവർത്തകരാണ് എന്നതുകൊണ്ട് നിയമനടപടി സ്വീകരിക്കരുത് എന്ന് വാദിക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ഇവർ പറയുന്നതാണ് നയമെങ്കിൽ ഒരു പത്രസ്ഥാപനം കള്ളനോട്ടടിച്ചാലും ആ സ്ഥാപനത്തിന് എതിരെ നിയമ നടപടി എടുക്കരുത് എന്ന് വാദിക്കാവുന്നതാണ്. ചാരവൃത്തി നിയമ വിരുദ്ധമായ കുറ്റകൃത്യമാണ്. അത് വാർത്താമാധ്യമം ചെയ്താലും കമ്മ്യൂണിസ്റ്റുകാർ ചെയ്താലും ബുദ്ധിജീവികൾ ചെയ്താലും കുറ്റകൃത്യം തന്നെയാണ്. അവരെ രാജ്യദ്രോഹികളായി കരുതി അവർക്കു എതിരെ നടപടി സ്വീകരിക്കണം. അതാണ് നിയമ വാഴ്ച അനുശാസിക്കുന്നത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
ബിജെപി സംസ്ഥാന അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: